പൊലീസ് സ്റ്റേഷൻ കാണാൻ സ്‌കൂൾ കുട്ടികളെത്തിയപ്പോൾ പ്രവർത്തനം പഠിപ്പിക്കുന്നതിനിടെ തോക്കിൽ നിന്നും വെടിയുതിർന്നു,  രഹസ്യമാക്കി വച്ച് ഉദ്യോഗസ്ഥർ

Sunday 27 November 2022 8:57 AM IST

ഇടുക്കി : പൊലീസ് സ്റ്റേഷൻ കാണാനെത്തിയ സ്‌കൂൾ കുട്ടികൾക്ക് മുമ്പിൽവെച്ച് സി.ഐയുടെ കൈയ്യിലിരുന്ന തോക്ക് അബദ്ധത്തിൽപ്പൊട്ടി. നവംബർ മൂന്നിന് സോഷ്യൽ വർക്കിന്റെ ഭാഗമായി പെരിങ്ങാശ്ശേരി ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ പൊലീസ് സ്റ്റേഷൻ സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു സംഭവം നടന്നത്.

കരിമണ്ണൂർ സ്റ്റേഷനിലെ പൊലീസുകാർക്കിടയിലെ പടലപിണക്കങ്ങളും ക്രമക്കേടുകളും സാമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നതിന്റെ തുടർച്ചയായിട്ടാണ് ആഴ്ചകൾ മുമ്പ് നടന്ന സംഭവവും ഇപ്പോൾ പുറത്തുവന്നത്. കുട്ടികൾക്ക് മുന്നിൽ ഉദ്യോഗസ്ഥർ സ്റ്റേഷന്റെ ഘടന പരിചയപ്പെടുത്തിയശേഷം ആയുധമുറി തുറന്ന് തോക്കുകളും മറ്റ് സുരക്ഷാ ആയുധങ്ങളുമെടുത്ത് പ്രദർശിപ്പിച്ചു. ഇതിനിടെ പാറാവുകാരൻ തോക്കിന്റെ പ്രവർത്തനം പരിചയപ്പെടുത്തി കൊടുത്തു.

തോക്കിന്റെ ലോക്ക് വീണത് മാറ്റാൻ കഴിയാതെ വന്നതോടെ സി.ഐ. സുമേഷ് സുധാകർ തോക്ക് പാറാവുകാരനിൽ നിന്ന് വാങ്ങി പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ വെടിപ്പൊട്ടുകയായിരുന്നു. ഈ സമയം വിദ്യാർത്ഥികളും സി.ഐയുടെ സമീപമുണ്ടായിരുന്നു. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് തേടിയിട്ടുണ്ട്.