കരുത്തായി യുവാക്കൾ; ക്രെഡിറ്റ് കാർഡ് ചെലവേറി

Monday 28 November 2022 3:02 AM IST

കൊച്ചി: രാജ്യത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ചെലവുകൾ കൊവിഡിന് മുമ്പത്തേക്കാളും മികച്ച ഉയരത്തിൽ. നടപ്പുവർഷം സെപ്തംബറിൽ അവസാനിച്ച ത്രൈമാസത്തിൽ മുൻവർഷത്തെ സമാനപാദത്തേക്കാൾ 27.2 ശതമാനം വളർച്ചയോടെ 1.67 ലക്ഷം കോടി രൂപയിലേക്കാണ് ക്രെഡിറ്റ് കാർഡ് ചെലവുകളെത്തിയത്. കഴിഞ്ഞ നാലുവർഷത്തെ ഏറ്റവും ഉയരമാണിതെന്ന് റിസർവ് ബാങ്കിന്റെ റിപ്പോർട്ട് വ്യക്തമാക്കി.

2021ലെ സെപ്തംബർപാദത്തിൽ ക്രെഡിറ്റ് കാർഡ് ചെലവുകൾ 1.31 ലക്ഷം കോടി രൂപയായിരുന്നു. 2021ലെ സെപ്തംബർപാദ വളർച്ചാനിരക്ക് 9.5 ശതമാനമായിരുന്നു. 2020ലെയും 2019ലെയും സമാനപാദ വളർച്ചാനിരക്ക് യഥാക്രമം 6.9 ശതമാനം,​ 25.9 ശതമാനം എന്നിങ്ങനെയുമായിരുന്നു.

കരുത്തായി പുതിയ ഇടപാടുകാർ

പുതിയ ക്രെഡിറ്റ് കാർഡ് വരിക്കാരുടെ വർദ്ധനയാണ് ചെലവുകൾ വർദ്ധിക്കാൻ മുഖ്യകാരണമായി വിലയിരുത്തപ്പെടുന്നത്. എച്ച്.ഡി.എഫ്.സി ബാങ്ക് കഴിഞ്ഞപാദത്തിൽ കൂട്ടിച്ചേർത്തത് 12 ലക്ഷം പുതിയ വരിക്കാരെയാണ്. ഐ.സി.ഐ.സി.ഐ ബാങ്ക് 12.6 ശതമാനവും എസ്.ബി.ഐ കാർഡ്സ് 59 ശതമാനവും വർദ്ധന കഴിഞ്ഞപാദത്തിൽ ക്രെഡിറ്റ് കാർഡ് ചെലവുകളിൽ കുറിച്ചു. എസ്.ബി.ഐ ഇടപാടുകാരുടെ വർദ്ധന 18 ശതമാനമാണ്.

37%

പുതിയ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളിൽ 37 ശതമാനവും 30ന് താഴെ പ്രായക്കാരാണെന്ന് എസ്.ബി.ഐ കാർഡ്‌സ് വ്യക്തമാക്കി. 47 ശതമാനം പേർ 31-34 പ്രായക്കാരാണ്.

Advertisement
Advertisement