അതിർത്തി തർക്കം:യാത്രാ വിലക്ക് നീക്കിയെന്ന് അസാം പൊലീസ്

Monday 28 November 2022 12:11 AM IST

ഗുവാഹത്തി: അസാം - മേഘാലയ അതിർത്തിയിൽ അക്രമണങ്ങളെത്തുടർന്ന് ഏർപ്പെടുത്തിയ യാത്രാ വിലക്ക് പിൻവലിച്ചു. ആറ് ദിവസങ്ങൾക്ക് ശേഷമാണ് വിലക്ക് നീക്കി കൊണ്ട് അസാം പൊലീസ് ഉത്തരവിറക്കിയത്. അസാമിൽ നിന്നുള്ള വാഹനങ്ങൾ മേഘാലയയിൽ പ്രവേശിക്കുന്നതിന് നിലവിൽ നിയന്ത്രണങ്ങളൊന്നുമില്ലെന്നും അപകടസാദ്ധ്യയുള്ള സ്ഥലങ്ങളിൽ പട്രോളിംഗ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.

ചൊവ്വാഴ്ച അസാം - മേഘാലയ അതിർത്തിയിലുണ്ടായ അക്രമ സംഭവങ്ങളെത്തുടർന്നാണ് അയൽ സംസ്ഥാനങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൊലീസ് നിർദ്ദേശം നൽകിയത്. തർക്ക അതിർത്തിക്ക് സമീപമുള്ള മുക്രോഹ് ഗ്രാമത്തിൽ ചൊവ്വാഴ്ച പുലർച്ചെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. തടി കടത്തുമായി ബന്ധപ്പെട്ട നടപടി പൊലീസും ആൾക്കൂട്ടവും തമ്മിലുള്ള ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ ഒരു ഫോറസ്റ്റ് ഗാർഡ് ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടിരുന്നു.

മേഘാലയ അതിർത്തിയിലെ വെടിവയ്‌പ് പ്രകോപനം ഇല്ലാതെയായിരുന്നുവെന്ന് അസാം സർക്കാർ നേരത്തെ സമ്മതിച്ചിരുന്നു. കേന്ദ്രത്തിന് സംഘർഷത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ടും സർക്കാർ കൈമാറി. സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കേന്ദ്രം നിർദ്ദേശിക്കുന്ന അന്വേഷണം അംഗീകരിക്കാമെന്നും അറിയിച്ചു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മേഘാലയ മുഖ്യമന്ത്രി കൊർണാട് സാഗ്മ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംഭവത്തെക്കുറിച്ച് സി.ബി.ഐയോ എൻ.ഐ.എയോ അന്വേഷണം നടത്തണമെന്നാണ് മേഘാലയ മുഖ്യമന്ത്രിയുടെ ആവശ്യം.

മൂന്ന് ദിവസം മുൻപ് അതിർത്തിയിലുണ്ടായ വെടിവയ്പിൽ അസാം വനം വകുപ്പ് ഉദ്യോഗസ്ഥനും മേഘാലയയിൽ നിന്നുള്ള അഞ്ച് പേരുമാണ് കൊല്ലപ്പെട്ടത്. അനധികൃതമായി മരം മുറിച്ച് കടത്തുന്നത് വനംവകുപ്പ് തടഞ്ഞപ്പോഴാണ് സംഘർഷം ഉണ്ടായതെന്നാണ് അസാമിന്റെ വാദം. തടി മുറിച്ച് കടത്തിയവരെ അസാം വനം വകുപ്പ് പിടികൂടി. ഇവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം ആളുകൾ ഓഫീസ് വളഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. വെസ്റ്റ് ജയന്തി ഹിൽസ് മേഖലയിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ട മേഘാലയ സ്വദേശികൾ. അസാം വനംവകുപ്പിലെ ഹോം ഗാർഡാണ് കൊല്ലപ്പെട്ട മറ്റൊരാൾ. കൂടുതൽ പൊലീസ് സേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട മേഘാലയ സ്വദേശികൾ ഖാസി സമുദായ അംഗങ്ങളാണ്.

Advertisement
Advertisement