ഖത്തറിൽ ചരിത്രം കുറിച്ച് മെസി മാജിക്ക്,​ അർജന്റീന - മെക്സിക്കോ മത്സരത്തിന് മറ്റൊരു റെക്കാഡ് കൂടി

Sunday 27 November 2022 8:41 PM IST

ദോഹ : ഖത്തർ ലോകകപ്പിൽ നിർണായകമായ മത്സരത്തിൽ മെക്സിക്കോയ്ക്കെതിരെ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് വിജയിച്ച് അർജന്റീന പ്രീക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കി. അർജന്റീന - മെക്സിക്കോ മത്സരം മറ്റൊരു റെക്കാ‌ഡിനും സാക്ഷ്യം വഹിച്ചു. ഖത്തർ ലോകകപ്പിൽ ഏറ്റവും കൂടുതൽ കാണികൾ എത്തിയ മത്സരം കൂടിയായിരുന്നു അത്.

അർജന്റീന മെക്സിക്കോ പോരാട്ടം കാണാൻ ലുസൈൽ സ്റ്റേഡിയത്തിൽ 88,966 പേരാണ് എത്തിയത്. 28 വർഷത്തിനിടെ ഒരു ലോകകപ്പ് മത്സരം വീക്ഷിക്കാനെത്തിയ കാണികളുടെ എണ്ണത്തിലും ഏറ്റവും മുന്നിലെത്തി. 1994ലെ യു,എസ് ലോകകപ്പിലെ ഫൈനൽ മത്സരം കാണാൻ 91,194 പേരാണ് സ്റ്റേഡിയത്തിലെത്തിയത്. ഇതിന് ശേഷം ഏറ്റവുംകൂടുതൽ പേർ നേരിട്ട വീക്ഷിച്ച ലോകകപ്പ് മത്സരമായാണ് അർജന്റീന - മെക്സിക്കോ പോരാട്ടം മാറിയത്. 1994ൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഇറ്റലിയെ തോൽപ്പിച്ച് ബ്രസീൽ ആണ് കിരീടം നേടിയത്.

എന്നാൽ ഖത്തറിലെ മത്സരം ലോകകപ്പിലെ എക്കാലത്തെയും മികച്ച 30 മത്സരങ്ങളിൽ ഉൾപ്പെട്ടിട്ടില്ല. 1950ൽ ബ്രസീലിൽ നടന്ന ലോകകപ്പ് ഫൈനലിൽ ബ്രസീൽ ഉറുഗ്വേ മത്സരം കാണാൻ 173850 പേരാണ് എത്തിയത്. മാറക്കാന സ്റ്റേഡിയത്തിൽ ബ്രസീലിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ഉറുഗ്വേയാണ് അന്ന് കിരീടമുയർത്തിയത്.

മെക്സിക്കോ സിറ്റിയിലെ ആസ്‌ടെക്ക സ്റ്റേഡിയം, ലണ്ടനിലെ വെംബ്ലി സ്റ്റേഡിയം, ബാഴ്സലോണയിലെ ക്യാമ്പ് നൗ എന്നിവയാണ് ടോപ്പ് 30 പട്ടികയിൽ ഇടംപിടിച്ച മറ്റ് സ്റ്റേഡിയങ്ങൾ.

Advertisement
Advertisement