കേരളത്തിന് വന്ദേഭാരത് ട്രെയിൻ; പ്രഖ്യാപനം കേന്ദ്ര ബഡ്‌ജറ്റിൽ

Monday 28 November 2022 2:22 AM IST

തിരുവനന്തപുരം: കേരളത്തിന് അത്യാധുനിക സൗകര്യങ്ങളുള്ള അതിവേഗ വന്ദേഭാരത് ട്രെയിൻ കേന്ദ്രബഡ്ജറ്റിൽ പ്രഖ്യാപിച്ചേക്കും. തിരക്കേറിയ ചെന്നൈ, ബംഗളുരു, മംഗളുരു റൂട്ടുകളാണ് പരിഗണനയിൽ. ദക്ഷിണ റെയിൽവേയും ഈ ശുപാർശ നൽകിയിട്ടുണ്ട്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മിക്കുന്ന 16 പാസഞ്ചർ കാറുകളടങ്ങിയ രണ്ട് യൂണിറ്റ് തിരുവനന്തപുരം ഡിവിഷന് നൽകും. ഓഗസ്റ്റിനകം രാജ്യത്താകെ 75ട്രെയിനുകൾ ഓടിക്കാനുള്ള കേന്ദ്രപദ്ധതിയിലാണ് കേരളം വന്ദേഭാരത് ട്രെയിൻ പ്രതീക്ഷിക്കുന്നത്.

വന്ദേഭാരതിനായി തിരുവനന്തപുരം–എറണാകുളം (ആലപ്പുഴ വഴി), ഷൊർണൂർ–മംഗളൂരു പാതകളുടെ വേഗത 130കിലോമീറ്റർ വരെയായി കൂട്ടും. നിലവിൽ എറണാകുളം-ഷൊർണൂർ 80കി.മീറ്ററും ഷൊർണൂർ-മംഗലാപുരം 110കി.മീറ്ററുമാണ് ശരാശരി വേഗത. കൊടുംവളവുകളുള്ള കൊല്ലം, കുറ്റിപ്പുറം സ്റ്റേഷനുകളിൽ റെയിൽ ബൈപ്പാസുകൾ നിർമ്മിക്കും.

ചെന്നൈ-ബംഗളുരു-മൈസൂരു റൂട്ടിൽ ഈ മാസം മുതൽ വന്ദേഭാരത് ഓടുന്നുണ്ട്. ചെന്നൈ-കന്യാകുമാരി വന്ദേഭാരതിനായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. പാത ഇരട്ടിപ്പിക്കൽ പൂർത്തിയായാൽ ഇത് തിരുവനന്തപുരത്തേക്ക് നീട്ടിയേക്കും. ചെന്നൈ, കപൂർത്തല, റായ്ബറേലി കോച്ച് ഫാക്ടറികളിൽ 44 ട്രെയിനുകൾ നിർമ്മാണത്തിലാണ്. മാസം എട്ട് ട്രെയിനുകൾ നിർമ്മിക്കും.

നിലവിൽ അഞ്ച് വന്ദേഭാരത്

ന്യൂഡൽഹി-വാരണാസി

ന്യൂഡൽഹി-ശ്രീ മാതാ വൈഷ്‌ണോദേവി കത്ര

ഗാന്ധിനഗർ-മുംബയ്

ഹിമാചലിലെ ഊന-ഡൽഹി

ചെന്നൈ-ബംഗളുരു-മൈസൂരു

യാത്ര സുഖകരം, സുരക്ഷിതം

കൂട്ടിയിടി ഒഴിവാക്കാൻ 'കവച് '

പൊട്ടിത്തെറി ചെറുക്കുന്ന കോച്ചുകൾ

52 സെക്കൻഡിൽ 100കിലോമീറ്റർ വേഗതയിലെത്തും

കോച്ചുകൾക്ക് അടിയിലെ ഇലക്ട്രിക് മോട്ടോറുകളാണ് ചലിപ്പിക്കുന്നത്

കറങ്ങുന്ന സീറ്റുകൾ, ബയോടോയ്‌ലറ്റ്

വിശാലമായ ജനാലകൾ, എയർകണ്ടിഷനിംഗ്

സൗജന്യ വൈ - ഫൈ, 32ഇഞ്ച് സ്ക്രീൻ

മൊബൈല്‍-ലാപ്‌ടോപ് ചാർജിംഗ് സോക്കറ്റ്, സി.സി.ടി.വി

ഇക്കോണമി, എക്സിക്യൂട്ടീവ് ക്ലാസുകൾ.

ശതാബ്ദിയേക്കാൾ 39% നിരക്ക് കൂടുതൽ

മൂന്ന് മണിക്കൂർ ബാക്കപ്പുള്ള ലിഥിയം ബാറ്ററി

ഒരു ട്രെയിൻ

1,128

യാത്രക്കാർ

16

കോച്ചുകൾ

130കോടി

നിർമ്മാണ ചെലവ്

''സംസ്ഥാനത്തിനകത്തും അയൽ സംസ്ഥാനങ്ങളിലേക്കും കണക്ടിവിറ്റിക്കായി വന്ദേഭാരത് കേന്ദ്രബഡ്ജറ്റിൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.''

-കെ.എൻ.ബാലഗോപാൽ

ധനമന്ത്രി