ഏകീകൃത തദ്ദേശവകുപ്പിൽ ആശങ്ക സംഘടനകളുമായി വീണ്ടും ചർച്ച

Monday 28 November 2022 2:44 AM IST

തിരുവനന്തപുരം: അഞ്ചുവകുപ്പുകളെ ഒന്നിപ്പിച്ചു കൊണ്ട് രൂപീകരിക്കുന്ന ഏകീകൃത തദ്ദേശവകുപ്പിലെ ആശങ്ക അകറ്റാൻ ജീവനക്കാരുടെ സംഘടനകളുമായി മന്ത്രി വീണ്ടും ചർച്ച നടത്തും. ഡിസംബർ രണ്ടിന് രാവിലെ 11.30ന് എറണാകുളം ടൗൺ ഹാളിലാണ് മന്ത്രി എം.ബി. രാജേഷിന്റെ ചർച്ച. 43 പൊതു കാറ്റഗറി സംഘടനാ പ്രതിനിധികളെ യോഗത്തിന് ക്ഷണിച്ച് തദ്ദേശ അഡീഷണൽ ചീഫ് സെക്രട്ടറി കത്തയച്ചു. ഏകീകരണം സംബന്ധിച്ച പരാതികൾ കോടതിയിലെത്തുമെന്നത് മുന്നിൽ കണ്ടാണ് മന്ത്രിതല ചർച്ച നടത്താൻ തീരുമാനിച്ചത്. ഏകീകരണത്തിന്റെ ഭാഗമായുള്ള ഉദ്യോഗസ്ഥ ക്രമീകരണം ഉൾപ്പെടെ നടത്തിയതിന് ശേഷമാണ് വീണ്ടും ചർച്ച.

ജീവനക്കാരുടെ സീനിയോറിട്ടി, സ്ഥാനക്കയറ്റം, സ്ഥലം മാറ്റം, ശമ്പളം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ലെന്നാണ് ജീവനക്കാരുടെ പരാതി. തദ്ദേശവകുപ്പിലെ സെക്രട്ടറി തസ്തികയ്‌ക്ക് മുകളിലുള്ളവരുടെ ശമ്പളം ഭീമമായി കൂട്ടാൻ വേണ്ടി മാത്രമാണ് ഏകീകരണമെന്നും സാധാരണ ജനങ്ങൾക്ക് ലഭിക്കുന്ന സേവനം വേഗത്തിലാക്കാൻ യാതൊരു നടപടിയുമില്ലെന്നും ജീവനക്കാർ ആരോപിക്കുന്നു. എ.സി.മൊയ്തീൻ മന്ത്രിയായിരുന്നപ്പോൾ മൂന്നുവട്ടം ചർച്ച നടത്തിയതിന് ശേഷം നടപടികളുമായി സർക്കാർ മുന്നോട്ട് പോകുകയായിരുന്നു. പഞ്ചായത്ത്, നഗരകാര്യം, നഗര, ഗ്രാമാസൂത്രണം, ഗ്രാമവികസനം, എൻജിനീയറിംഗ് എന്നീ 5 വകുപ്പുകളിലായി ഏകദേശം 35,000 ജീവനക്കാരാണുള്ളത്.

Advertisement
Advertisement