എൻ.ജി.ഒ ക്വാർട്ടേഴ്സിൽ ലഹരിസംഘത്തിന്റെ ആക്രമണം

Monday 28 November 2022 1:04 AM IST

 മൂന്നുപേർ അറസ്‌റ്റിൽ

തൃക്കാക്കര: കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്‌സിന് സമീപം കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയും ബസ് അടിച്ചുതകർക്കുകയും ചെയ്‌ത ലഹരിസംഘം തൃക്കാക്കര പൊലീസിന്റെ പിടിയിലായി. കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സ് ചാത്തൻവേലിമുകളിൽ ഷഹനാസ് ഷംസു (28),​ സഹോദരൻ ഷാജി (29 ),​ ചേരാനല്ലൂർ വടക്കുംമനപ്പറമ്പ് വീട്ടിൽ അൻസൻ (23) എന്നിവരെയാണ് തൃക്കാക്കര എസ്.ഐ അനീഷ് പി.ബിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് എൻ.ജി.ഒ ക്വാർട്ടേഴ്സിൽ ഓജസ് ക്ലിനിക്കിന് സമീപമുള്ള ഗ്രൗണ്ടിൽ ഹെവി ഡ്രൈവിംഗ് ടെസ്‌റ്റ് പരിശീലനം നടത്തുന്നയിടത്ത് മൂവരുമെത്തി കത്തിവീശി ആക്രമണം നടത്തിയത്. ഗ്രൗണ്ടിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് കമ്പിയെടുത്ത് ഇവർ ഫ്രണ്ട്‌സ് ഡ്രൈവിംഗ് സ്കൂൾബസിന്റെ മുൻവശത്തെ ചില്ലുകൾ അടിച്ചുതകർത്തു. പരിശീലനത്തിന് എത്തിയവരെ ഭീഷണിപ്പെടുത്തിയോടിച്ചു. ഇവരുടെ മർദ്ദനമേറ്റ ഇൻസ്‌ട്രക്‌ടർ പുതുശേരി പ്രിൻസ് ജോർജിന്റെ തലയ്ക്കും നെഞ്ചിനും പരിക്കുണ്ട്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. അൻസന് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളുള്ളതായി പൊലീസ് പറഞ്ഞു.