ഹരിതോർജ്ജ ഇടനാഴിക്ക് 817കോടി ജർമ്മൻ വായ്പ

Monday 28 November 2022 1:05 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഹരിതോർജ്ജ ഇടനാഴി സ്ഥാപിക്കാനുള്ള പദ്ധതിക്ക് ജർമ്മൻ വികസന ബാങ്കായ കെ.എഫ്.ബി.യുടെ 817കോടിരൂപയുടെ വായ്പ ലഭിച്ചു.കാർബൺ ബഹിർഗമനം കുറയ്ക്കാനും ഗ്രീൻ എനർജി ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയെന്ന നിലയ്ക്കാണ് വായ്പ.

911കോടിരൂപയുടെ ചെലവിൽ കാസർകോട് സോളാർ പാർക്കുമായി ബന്ധപ്പെട്ട നോർത്ത് ഗ്രീൻ കോറിഡോർ, 234 കോടി മുതൽമുടക്കുള്ള ഇടുക്കി രാമക്കൽമേട്ടിലെ കാറ്റാടി വൈദ്യുതി പദ്ധതി, 311കോടി മുതൽമുടക്കുള്ള പാലക്കാട്ടെ അട്ടപ്പാടി ഗ്രീൻ എനർജി കോറിഡോർ എന്നിവയുൾപ്പെടെ മൊത്തം 1457കോടിരൂപയുടേതാണ് കേരളത്തിലെ ഗ്രീൻ എനർജി കോറിഡോർ പദ്ധതി. ഇതിലാണ് 817കോടിരൂപ ജർമ്മൻബാങ്ക് വായ്പ നൽകുന്നത്. ബാക്കി തുകയിൽ 290കോടിരൂപ കെ.എസ്.ഇ.ബി. മുടക്കണം. കേന്ദ്രസർക്കാർ 350കോടിരൂപ ഗ്രാൻഡ് നൽകും. സംസ്ഥാന സർക്കാരിന് പണചെലവില്ല.

പക്ഷേ, കാസർകോട്ടെ സോളാർ പാർക്ക് പദ്ധതിയും അതുമായി ബന്ധപ്പെട്ട നോർത്ത് ഗ്രീൻ എനർജി കോറിഡോർ പദ്ധതിയും കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടില്ല. ശേഷിച്ച മറ്റ് രണ്ടുപദ്ധതികൾക്കുമായി 138കോടിരൂപ കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് മഴ,കാറ്റ്,സൂര്യപ്രകാശം, പുഴകൾ എന്നിവയിലൂടെ 8600മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള ഹരിതോർജ്ജം ലഭിക്കാനുള്ള സാഹചര്യമുണ്ടെന്നാണ് പഠനറിപ്പോർട്ട്. 2050ഒാടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായാണ് ഗ്രീൻ എനർജി കോറിഡോർ. ഇത് നടപ്പാക്കാൻ കേരള ഹൈഡ്രജൻ എക്കണോമി മിഷന് രൂപം നൽകി സംസ്ഥാന സർക്കാർ ഇന്നലെ ഉത്തരവിറക്കി. കെ.ഡിസ്ക് ചെയർമാൻ ആയിരിക്കും മിഷന്റെ എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ. ഉൗർജ്ജ ഗതാഗത,ജലവിഭവം,വ്യവസായ വകുപ്പ് സെക്രട്ടറിമാരും കെ.എസ്.ഇ.ബി. സി.എം.ഡി,ന്യൂ ആൻഡ് റിന്യൂവബിൾ എനർജി റിസർച്ച് ഡയറക്ടർ, ഇ.എം.സി, കൊച്ചി വിമാനത്താവളം, ടി.സി.സി. തുടങ്ങി വിവിധ പൊതുമേഖലാസ്ഥാപനങ്ങൾ, ഗ്യാസ് അതോറിറ്റി, എണ്ണകമ്പനികൾ എന്നിവ അംഗങ്ങളുമാണ്. മിഷൻ ഇന്നലെ നിലവിൽ വന്നു.

Advertisement
Advertisement