നാഷണൽ ക്ളബിലെ ചീട്ടുകളിക്ക് പൊലീസിന്റെ ഒത്താശ

Monday 28 November 2022 12:20 AM IST

കോഴഞ്ചേരി : പണംവച്ച് ചീട്ടുകളിക്ക് കുപ്രസിദ്ധി നേടിയ കുമ്പനാട്ടെ നാഷണൽ ക്ളബിനെ സഹായിക്കുന്നത് ജില്ലയിലെയും പുറത്തെയും ചില പൊലീസ് ഉദ്യോഗസ്ഥരാണെന്ന് സൂചന. കഴിഞ്ഞ ദിവസം ക്ളബിൽ നിന്ന് അറസ്റ്റിലായ സംഘത്തിൽ പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുള്ളവരുമുണ്ട്. കഴിഞ്ഞ ജൂലായ് 16ന് ക്ളബിൽ പണം വച്ച് ചീട്ടുകളിച്ചതിന് അറസ്റ്റിലായവരിൽ പാലക്കാട്, കൊല്ലം ജില്ലകളിൽ ജോലി ചെയ്തിരുന്ന പാെലീസ് ഉദ്യോഗസ്ഥരുണ്ടായിരുന്നു. പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളിൽ സ്ഥിര താമസക്കാരായ ഇവരിൽ ചിലർ ജോലിക്കു പോകാതെയാണ് ചീട്ടുകളി കേന്ദ്രത്തിലെത്തിയിരുന്നത്.

ജൂലായിൽ ജില്ലാ പൊലീസ് ചീഫിന്റെ നിർദേശപ്രകാരം ചീട്ടുകളി കേന്ദ്രം റെയ്ഡ് ചെയ്തത് വിവരങ്ങൾ ചോരാതിരിക്കാൻ പഴുതുകളടച്ചുകൊണ്ടായിരുന്നു. അന്ന് 10.23 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. തുടർന്ന് ചീട്ടുകളി നിറുത്തിവച്ചിരുന്നെങ്കിലും അടുത്ത കാലത്താണ് വീണ്ടും സജീവമായത്. ചീട്ടുകളി കേന്ദ്രത്തിൽ മദ്യപാന സദസുകളും നടന്നിരുന്നു.

ആദ്യ റെയ്ഡിൽ അറസ്റ്റിലായ പ്രതികളിൽ രഘുനാഥ്, സിബി ആന്റണി എന്നിവർ കഴിഞ്ഞ ദിവസവും അറസ്റ്റിലായി. നാഷണൽ ക്ളബിൽ വീണ്ടും പണം വച്ച് ചീട്ടുകളി നടക്കുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും റെയ്ഡ് നടന്നത്. ഒൻപത് പേർ അറസ്റ്റിലാവുകയും 31,800രൂപയും ചീട്ടുകളും പിടിച്ചെടുക്കുകയും ചെയ്തു.

Advertisement
Advertisement