'റൈസ് പുള്ളറിൽ' 30ലക്ഷം പോയി; കടംവീട്ടാൻ തോക്കു ചൂണ്ടി കവർച്ചാശ്രമം

Monday 28 November 2022 12:26 AM IST

കൊച്ചി: എറണാകുളം എം.ജി റോഡിലെ കല്യാൺ ജ്വല്ലറിയിലെ ജീവനക്കാരെ എയർ ഗണ്ണിന്റെ മുനയിൽ നിറുത്തി ആഭരണങ്ങളുമായി കടക്കാൻ ശ്രമിച്ച കേസിൽ പിടിയിലായ പാലക്കാട് അട്ടപ്പാടി കള്ളിമല ചിമ്മിണിക്കാട് വീട്ടിൽ മനു (29) കവർച്ചയ്ക്കിറങ്ങിയത് 'റൈസ് പുള്ളർ' ഇടപാടിലുണ്ടായ 30ലക്ഷം രൂപയുടെ കടം വീട്ടാൻ. ചോദ്യം ചെയ്യലിലാണ് ഇയാൾ ഇക്കാര്യം വെളിപ്പെടുത്തിയത്.

സ്വന്തം നാട്ടുകാരന്റെ വാക്കുവിശ്വസിച്ചാണ് മനു റൈസ് പുള്ളർ ഇടപാടിലേക്ക് തിരിഞ്ഞത്. കൈയിലേക്ക് എത്തുന്ന ലക്ഷങ്ങൾ സ്വപ്നം കണ്ട്, ബന്ധുക്കളിൽ നിന്നെല്ലാമായി 30ലക്ഷം രൂപ വാങ്ങി ഇടപാടിനായി ചെലവാക്കി. ഈ പണമെല്ലാം റൈസ് പുള്ളറിന്റെ പേരിൽ നാട്ടുകാരൻ തട്ടിയെടുത്തതോടെ ലക്ഷങ്ങളുടെ ബാദ്ധ്യതയായി. പണം തിരിച്ചുനൽകാൻ കഴിയാതെവന്നതോടെ മാനസികമായി തകർന്നു. ബന്ധുക്കളിൽ നിന്നുൾപ്പെടെ നിരന്തരം സമ്മർദ്ദമുണ്ടായതോടെ, പിടിക്കപ്പെട്ടേക്കുമെന്ന് ഉറപ്പുണ്ടായിട്ടും കവർച്ച ആസൂത്രണം ചെയ്യുകയായിരുന്നെന്നാണ് മൊഴി.

മൂന്ന് മാസം മുമ്പാണ് ഇയാൾ കൊച്ചിയിലെത്തിയത്. ഇവിടെ ഒരു തുണിക്കടയിൽ ജോലി ചെയ്തുവരികയായിരുന്നു.

ശനിയാഴ്ച വൈകിട്ട് 7 മണിയോടെയാണ് നഗരത്തെ ഞെട്ടിച്ച കവർച്ചാ ശ്രമം നടന്നത്. സ്വർണം വാങ്ങാനെന്ന വ്യാജേനയെ ഷോറൂമിലെത്തിയ മനു, സെയിൽസ്‌മാൻ മുന്നിലെ ട്രേയിൽ ആഭരണങ്ങൾ നിരത്തി പ്രദർശിപ്പിക്കുന്നതിനിടെ തട്ടിയെടുത്ത് ഇറങ്ങിയോടുകയായിരുന്നു. ജീവനക്കാർ പിന്നാലെ കൂടിയതോടെ, കൈയിലുണ്ടായിരുന്ന എയർ പിസ്റ്റൾ ചൂണ്ടി ഭീഷണിപ്പെടുത്തി. ഇതിനിടെ ട്രേയിൽ നിന്ന് താഴേക്ക് വീണ ആഭരണം എടുക്കാൻ ശ്രമിക്കവേ ജീവനക്കാർ ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. തുടർന്ന് സെൻട്രൽ പൊലീസ് കൈമാറി. ഷോറൂമിലെ സി.സി.ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

കൊച്ചിയിലെ പ്രമുഖ തോക്ക് വ്യാപാര കേന്ദ്രത്തിൽ നിന്ന് ജീവനക്കാരെ കബളിപ്പിച്ചാണ് ശനിയാഴ്ച വൈകിട്ട് മനു എയർ ഗൺ കൈക്കലാക്കിയത്. ശേഷം ജ്വല്ലറിയിലേക്ക് എത്തുകയായിരുന്നു. സ്വർണാഭരണം മോഷ്ടിച്ചതിനും തോക്ക് കവർന്നതിനുമായി രണ്ട് കേസുകൾ മനുവിനെതിരെ ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Advertisement
Advertisement