അമൃത് സരോവർ : ജില്ലയിൽ ഒരേക്കർ വരുന്ന കുളങ്ങളില്ല

Monday 28 November 2022 12:18 AM IST

പത്തനംതിട്ട : കഴിഞ്ഞ വർഷം ആഗസ്റ്റിൽ പൂർത്തീകരിക്കാനിരുന്ന അമൃത് സരോവർ പദ്ധതി 2023 ആഗസ്റ്റ് വരെ നീട്ടിയെങ്കിലും ഇതുവരെ 56 കുളങ്ങളാണ് പട്ടികയിലുള്ളത്. ഒരു ഏക്കറിൽ 75 കുളങ്ങൾ നിർമ്മിക്കാനാണ് കേന്ദ്ര പദ്ധതിയെങ്കിലും കേരളത്തിൽ ഒരു ഏക്കറിലുള്ള കുളം ഇല്ലാത്തതിനാൽ 25 സെന്റിന് മുകളിലുള്ള രീതിയിൽ കുളം നിർമ്മിക്കാനും അറ്റകുറ്റപ്പണി നടത്താനുമുള്ള ശ്രമത്തിലാണ് അധികൃതർ. ഇതിനായി നല്ലൊരു തുക ചെലവാകുമെന്നതിനാൽ പല തദ്ദേശ സ്ഥാപനങ്ങളും താത്പര്യം കാട്ടുന്നില്ല. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്നതിനോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് കുളം നിർമ്മാണം. ദേശീയ പഞ്ചായത്ത് ദിനത്തിൽ പ്രധാനമന്ത്രിയാണ് അമൃത് സരോവർ എന്ന പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്തെ എല്ലാ ജില്ലകളിലും കുറഞ്ഞത് 75 കുളങ്ങളുടെ നിർമ്മാണമോ പുനരുദ്ധാരണമോ നടത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

10000 ക്യുബിക് മീറ്റർ ജലസംഭരണ ശേഷിയുമുള്ളവയായിരിക്കണം ഈ കുളങ്ങൾ. ജലപ്രതിസന്ധി പരിഹരിക്കാനാണ് ഈ പദ്ധതി.

തദ്ദേശ ഭരണം, ഫിഷറീസ്, മണ്ണ് സംരക്ഷണം, വനം, കാർഷികം തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തിലാണ് പദ്ധതി. ഇതിന്റെ മേൽനോട്ടത്തിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനും കളക്ടർ അദ്ധ്യക്ഷയായും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ കൺവീനറായും കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്.

ഭാസ്‌കരാചാര്യ നാഷണൽ ഇൻസ്റ്റിറ്യൂട്ട് ഒഫ് സ്‌പേസ് ആപ്ലിക്കേഷൻ ആൻഡ് ജിയോമാറ്റിക്‌സ് നാഷണൽ പദ്ധതി സ്ഥലങ്ങൾ കണ്ടെത്തുന്നതിനും പുരോഗതി വിലയിരുത്തുന്നതിനുമായി വെബ് പോർട്ടൽ രൂപീകരിച്ചിട്ടുണ്ട്. കണ്ടെത്തിയ സ്ഥലങ്ങൾ അനുയോജ്യമാണോ എന്നു പരിശോധിക്കുന്നതിന് സോഫ്റ്റ്‌വെയർ ടൂളുകളും നല്കിയിട്ടുണ്ട്.

Advertisement
Advertisement