പ്രീമെട്രിക് സ്‌കോളർഷിപ്പിൽ പ്രതീക്ഷയായി മുഖ്യമന്ത്രിയുടെ ഇടപെടൽ

Monday 28 November 2022 12:49 AM IST

തിരുവനന്തപുരം: ഒന്ന് മുതൽ എട്ടുവരെയുള്ള പിന്നാക്ക വിഭാഗം പ്രീമെട്രിക്ക് വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ സ്‌കോളർഷിപ്പ് ഏർപ്പെടുത്തിയേക്കും. കേന്ദ്ര വിഹിതം നിറുത്തലാക്കിയ സാഹചര്യത്തിൽ സംസ്ഥാനത്തിന് സ്വന്തം നിലയിൽ സ്‌കോളർഷിപ്പ് നൽകാൻ കഴിയുമോ എന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയം പുറത്തിറക്കിയ പുതിയ മാർഗനിർദ്ദേശങ്ങളാണ് പിന്നാക്ക വിദ്യാർത്ഥികൾക്ക് തിരിച്ചടിയായത് നിലവിലെ മാനദണ്ഡ പ്രകാരം 50 ശതമാനം തുക കേന്ദ്ര സർക്കാരും 50 ശതമാനം തുക സംസ്ഥാന സർക്കാരുമാണ് നൽകിയിരുന്നത്. രണ്ടര ലക്ഷത്തിൽ താഴെ വരുമാന പരിധിയുള്ള ഒ.ബി.സി, ഇ.ബി.സി, ഡി.എൻ.ടി വിദ്യാർത്ഥികൾക്കാണ് 1500 വീതം സ്‌കോളർഷിപ്പ് ലഭിച്ചിരുന്നത്. ഇത് ഇനി മുതൽ ഒൻപത്, പത്ത് ക്ലാസിലെ വിദ്യാർത്ഥികൾക്ക് മാത്രമേ ലഭിക്കുകയുള്ളൂ. കേന്ദ്ര സ്‌കോളർഷിപ്പ് പദ്ധതിയിൽ നിന്ന് ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസിലെ കുട്ടികൾ പുറത്തായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇടപെട്ടത്.