മുളയ്‌ക്കായി 'കേരള ബാംബൂ" ബ്രാൻഡിംഗ് വേണം: പി.രാജീവ്

Monday 28 November 2022 1:16 AM IST

 മുളയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ കർമ്മപദ്ധതി

കൊച്ചി: മുളയുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്താൻ പ്രത്യേക കർമ്മപദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. മുള, കരകൗശല ഉത്പന്നങ്ങളുടെ വിപണി മെച്ചപ്പെടുത്താനായി സംസ്ഥാന ബാംബൂ മിഷൻ ഒരുക്കിയ 19-ാമത് കേരള ബാംബൂ ഫെസ്റ്റ് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ഉത്പന്നങ്ങൾക്കായുള്ള ഓൺലൈൻ വിപണി ഉടൻ തയ്യാറാകും. മുള വെട്ടുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്ക് മന്ത്രിസഭാതലത്തിൽ ഇളവ് നൽകാനുള്ള ശ്രമങ്ങളുണ്ട്. 'കേരള ബാംബൂ" എന്ന പേരിൽ മുളയുടെ ബ്രാൻഡിംഗ് വേണമെന്നും മന്ത്രി പറഞ്ഞു.

ഉമ തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മേയർ എം. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരായ എ.പി.എം.മുഹമ്മദ് ഹനീഷ്, സുമൻബില്ല, ബാംബൂ കോർപ്പറേഷൻ ചെയർമാൻ ടി.കെ.മോഹനൻ, കേരള വനം ഗവേഷണകേന്ദ്രം ഡയറക്ടർ ശ്യാം വിശ്വനാഥ്, ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ പി.എ.നജീബ്, കെ-ബിപ്പ് സി.ഇ.ഒ എസ്.സൂരജ്, നാഷണൽ ബാംബൂ മിഷൻ അസിസ്റ്റന്റ് കമ്മിഷണർ കെ.എസ്.ശ്രീകാന്ത് തുടങ്ങിയവർ സംസാരിച്ചു. ഡിസംബർ നാലുവരെ നടക്കുന്ന മേളയിൽ മുളകരകൗശല ഉത്പന്നങ്ങളുടെ വിപണനവുമുണ്ട്. രാവിലെ 11 മുതൽ രാത്രി 9 വരെയാണ് പ്രവേശനം.

Advertisement
Advertisement