വിഴിഞ്ഞത്ത് കനത്ത പൊലീസ് കാവൽ; ഇന്ന് സർവകക്ഷി യോഗം, വഴികൾ തടഞ്ഞ് സമരക്കാർ

Monday 28 November 2022 6:46 AM IST

തിരുവനന്തപുരം: വിഴിഞ്ഞത്തെ സംഘർഷങ്ങൾക്ക് നേരിയ അയവ്. നിലവിൽ കാര്യങ്ങൾ നിയന്ത്രണവിധേയമാണെന്നും സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമായിരിക്കും നിരോധനാജ്ഞ പ്രഖ്യാപിക്കുകയെന്നും എ ഡി ജി പി അറിയിച്ചു.

പ്രദേശത്ത് പൊലീസിന്റെ വൻ സന്നാഹം തുടരും. എറണാകുളം, ആലപ്പുഴ,കൊല്ലം, ഇടുക്കി ജില്ലകളിൽ നിന്നുള്ള അഞ്ഞൂറിലേറെ സായുധ പൊലീസ് ഇന്ന് രാവിലെ വിഴിഞ്ഞത്ത് എത്തും. അക്രമവുമായി ബന്ധപ്പെട്ട് എട്ടോളം പേരെക്കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഞായറാഴ്‌ച അറസ്റ്റിലായ പ്രതിഷേധക്കാരെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഇന്നലെ വൈകിട്ട് വൻ സംഘർഷമാണ് വിഴിഞ്ഞത്ത് ഉണ്ടായത്. ​ ​ഇ​രു​മ്പ് ​ക​മ്പി​ക​ളും​ ​പ​ങ്കാ​യ​ങ്ങ​ളു​മാ​യാ​ണ് ​പ്രതിഷേധക്കാർ പൊലീസ്‌ സ്റ്റേ​ഷ​ൻ​ ​ആ​ക്ര​മി​ച്ച​ത്.​ ​നാ​ലു​ ​ജീ​പ്പു​ക​ളും​ ​ര​ണ്ടു​ ​വാ​നു​ക​ളും​ ​ഇ​രു​പ​ത് ​ബൈ​ക്കു​ക​ളും​ ​ത​ക​ർ​ത്തു.​ ഫോ​ർ​ട്ട് ​അ​സി.​ക​മ്മി​ഷ​ണ​ർ​ ​ഷാ​ജി,​ ​വി​ഴി​ഞ്ഞം​ ​സി.​ഐ​ ​പ്ര​ജീ​ഷ് ​ശ​ശി​, ​​ ​ര​ണ്ട് ​വ​നി​ത​ക​ള​ട​ക്കം​ 35​ ​പൊ​ലീ​സു​കാ​രെ​യും​ ​ക്രൂ​ര​മാ​യി​ ​മ​ർ​ദ്ദി​ച്ചു.​ ​ഫോ​ർ​ട്ട് ​സ്റ്റേ​ഷ​നി​ലെ​ ​സി.​പി.​ഒ​ ​ശ​ര​ത് ​കു​മാ​ർ,​ ​വി​ഴി​ഞ്ഞം​ ​പ്രൊ​ബേ​ഷ​ൻ​ ​എ​സ്.​ഐ​ ​ ലി​ജു​ ​പി.​ ​മ​ണി​ ​എ​ന്നി​വ​രു​ടെ​ ​നി​ല​ ​ഗു​രു​ത​ര​മാ​ണ്.​

അക്രമത്തിൽ രണ്ട് കെ എസ് ആർ ടി സി ബസുകളും തകർന്നിരുന്നു. വിഴിഞ്ഞം ഡിപ്പോയിൽ നിന്ന് കെ എസ് ആർ ടി സി സർവീസ് തുടങ്ങിയിട്ടില്ല. പ്രതിഷേധക്കാർ വള്ളങ്ങൾ വച്ച് പലയിടങ്ങളിലും റോഡ് തടഞ്ഞിരിക്കുകയാണ്.

ഉച്ചയ്‌ക്ക് ശേഷം സ‌ർവകക്ഷിയോഗം

വിഴിഞ്ഞത്ത് ഇന്ന് ഉച്ചയ്‌ക്ക് ശേഷം കളക്‌ടറുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേരും. യോഗത്തിൽ മന്ത്രിമാ‌ർ പങ്കെടുത്തേക്കും. പുലർച്ചെ രണ്ട് മണിവരെ നടന്ന ചർച്ചകളിൽ തീരുമാനമായിരുന്നില്ല. സംഘർഷമടക്കമുള്ള കാര്യങ്ങൾ ഹൈക്കോടതിയെ ധരിപ്പിക്കുമെന്ന് കളക്‌ടർ അറിയിച്ചു.

അതേസമയം, വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പ്രതിഷേധക്കാരിൽ നിന്നും സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നൽകിയ ഹ‍‍ർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.സമരം കാരണം തുറമുഖ നിർമാണ പ്രവർത്തനങ്ങൾ പൂർണമായും തടസപ്പെട്ടിരിക്കുകയാണെന്നാണ് ഹർജിയിൽ പറയുന്നത്.