വിഴിഞ്ഞം സംഘർഷം; മൂവായിരം പേർക്കെതിരെ കേസെടുത്തു, 85 ലക്ഷം രൂപയുടെ നഷ്ടമെന്ന് എഫ് ഐ ആർ
തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷവുമായി ബന്ധപ്പെട്ടുള്ള എഫ് ഐ ആറിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. സമരക്കാർ പൊലീസിനെ ചുട്ടുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സംഘം ചേർന്ന് പൊലീസിനെ ബന്ദിയാക്കിയെന്നും 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും എഫ് ഐ ആറിൽ പറയുന്നു.
വധശ്രമത്തിനും ജോലി തടഞ്ഞതിനും കേസെടുത്തിട്ടുണ്ട്. സംഘർഷത്തിൽ കണ്ടാലറിയാവുന്ന മൂവായിരം പേർക്കെതിരെ കേസെടുത്തു. വൈദികരെയടക്കം ആരെയും പേരെടുത്ത് പ്രതിയാക്കിയിട്ടില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അതേസമയം, പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ കർശന നടപടിയുണ്ടാകുമെന്ന് എ ഡി ജി പി എം ആർ അജിത് കുമാർ അറിയിച്ചു. മൂന്ന് മണിക്കൂറോളം പൊലീസിനെ ആക്രമിച്ച ശേഷമാണ് ലാത്തി വീശിയതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസം അറസ്റ്റിലായ നാല് സമരക്കാരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ട്. ആദ്യം അറസ്റ്റുചെയ്‌ത സെൽട്ടനെ റിമാൻഡ് ചെയ്തു. ഇയാളെ മോചിപ്പിക്കാനെത്തിയതായിരുന്നു ബാക്കി നാലുപേർ.