ഇടുക്കിയിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു

Monday 28 November 2022 9:45 AM IST

ഇടുക്കി: അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനത്തിന് തീപിടിച്ചു. വണ്ടിപ്പെരിയാറിന് സമീപം അറുപത്തിരണ്ടാം മൈലിൽ വച്ച് ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല.

ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ നിന്നുമെത്തിയ ഭക്തരുടെ കാറിനാണ് തീപിടിച്ചത്. അഞ്ച് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട് വാഹനത്തിലുണ്ടായിരുന്നവർ പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. നാട്ടുകാരും മോട്ടോർ വാഹന വകുപ്പ് സേഫ് സോൺ സംഘവും പീരുമേട് ഫയർ ഫോഴ്സ് സംഘവും എത്തിയാണ് തീയണച്ചത്.