വിഴിഞ്ഞത്ത് ഗുരുതരമായ ക്രമസമാധാന പ്രശ്‌നമെന്ന് അദാനി ഗ്രൂപ്പ്; സാദ്ധ്യമാകുന്നതെല്ലാം ചെയ്യാൻ കോടതി നിർദേശം

Monday 28 November 2022 1:10 PM IST

കൊച്ചി: വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കണമെന്നും സാദ്ധ്യമാകുന്നതെല്ലാം ചെയ്യണമെന്നും സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. തുറമുഖ നിർമാണ പ്രവർത്തനത്തിന് സമരക്കാരിൽ നിന്ന് സംരക്ഷണം തേടി അദാനി ഗ്രൂപ്പ്‌ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദേശം.

തുറമുഖ പദ്ധതി പ്രദേശത്ത് ഗുരുതരമായ ക്രമസമാധാന പ്രശ്‌നമുണ്ടെന്നായിരുന്നു അദാനി ഗ്രൂപ്പിന്റെ വാദം. സമരക്കാർക്ക് സ്വന്തം നിയമമാണെന്നും, സർക്കാരിനും പൊലീസിനും കോടതിയ്ക്കുമെതിരായ യുദ്ധമാണ് വിഴിഞ്ഞത്ത് നടക്കുന്നതെന്നും അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറിയിച്ചു.


അതേസമയം, പ്രദേശത്ത് അയ്യായിരത്തോളം പൊലീസിനെ വിന്യസിച്ചിരുന്നുവെന്ന് സർക്കാർ കോടതിയെ അറിയിച്ചു. മൂവായിരത്തോളം പ്രതിഷേധക്കാർ പൊലീസ് സ്‌റ്റേഷൻ വളഞ്ഞു. പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ടെന്നും എഫ് ഐ ആർ രജിസ്റ്റർ ചെയ്‌തെന്നും സർക്കാർ അറിയിച്ചു. ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.