പാലക്കാട് റൊണാൾഡോയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് പേർക്ക് പരിക്ക്, ഒരാൾ  തീവ്രപരിചരണ  വിഭാഗത്തിൽ  ചികിത്സയിൽ

Monday 28 November 2022 5:07 PM IST

പാലക്കാട്: ഖത്തർ ലോകകപ്പിന്റെ ഭാഗമായി പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് നാലുപേർക്ക് പരിക്ക്. പാലക്കാട് മേലാമുറിയിലാണ് സംഭവം. കട്ടൗട്ട് ഉയർത്തുന്നതിനിടെ വൈദ്യുത ലൈനിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു.

ഷോക്കേറ്റവരിൽ മൂന്ന് പേർക്ക് പരിക്കുണ്ട്. കോഴിപറമ്പ് സ്വദേശികളായ ശ്രീനിവാസൻ, ജഗദീഷ്, സന്ദീപ് എന്നിവർക്കാണ് പരിക്കേറ്റത്. മെസിയുടെ ആരാധകർ സ്ഥാപിച്ച കട്ടൗട്ടിനെ വെല്ലുവിളിച്ച് റൊണാൾഡോയുടേത് സ്ഥാപിക്കാൻ ശ്രമിക്കവേയായിരുന്നു അപകടം. നാൽപ്പതടി ഉയരത്തിലുള്ള കട്ടൗട്ടായിരുന്നു ഉയർത്താൻ ശ്രമിച്ചത്. ഇതിനിടെ വൈദ്യുത ലൈനിൽ നിന്ന് നേരിട്ട് ഷോക്കേൽക്കുകയായിരുന്നു. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായാണ് വിവരം.