കാണാൻ ഇത്തിരിക്കുഞ്ഞന്മാർ പക്ഷെ മണം പിടിക്കാൻ മിടുമിടുക്കർ; റഷ്യയ്‌ക്കെതിരെ യുക്രെയിൻ സൈന്യത്തിന് സഹായമായ നായ വർഗം ഇനി കേരളാ പൊലീസിലും
Monday 28 November 2022 8:45 PM IST
റഷ്യ- യുക്രെയിൻ യുദ്ധ സമയത്ത് യുക്രെയിൻ സൈന്യത്തിന് വലിയ സഹായം ചെയ്‌ത ഒരു നായവർഗമുണ്ട്. റഷ്യ നിക്ഷേപിച്ച നൂറുകണക്കിന് സ്‌ഫോടകവസ്‌തുക്കൾ മണത്ത് കണ്ടെത്തി അവിടെ ജനങ്ങളുടെ ജീവൻ രക്ഷിച്ച ജാക്ക് റസ്സൽ ടെറിയർ എന്ന നായകൾ. ഇവ ഇനി കേരള പൊലീസിന് സഹായത്തിന് എത്തുകയാണ്. സ്‌ഫോടക വസ്‌തു സാന്നിദ്ധ്യമോ നിരോധിത ലഹരി വസ്‌തുക്കളോ കണ്ടെത്താൻ സഹായിക്കുന്ന ഇത്തിരിക്കുഞ്ഞന്മാരായ ജാക്ക് റസ്സൽ ടെറിയർ നായ്‌ക്കൾ പൊതുവേ നിർഭയരും സദാ ഊർജസ്വലരുമാണ്. നാല് ജാക് റസ്സൽ ടെറിയർ നായകുഞ്ഞുങ്ങളെയാണ് പൊലീസ് സേന സ്വന്തമാക്കിയിരിക്കുന്നത്.
സാധാരണ 13 മുതൽ 16 വരെ ആയുസുളള ഇവയെ 12 വയസ് വരെ സേനയ്‌ക്ക് ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും എന്നത് ഇവയെ കെ9 സ്‌ക്വാഡിലെടുക്കാൻ കാരണമായി. വലുപ്പം കുറവായതിനാൽ ഏത് ഇടുങ്ങിയ സ്ഥലങ്ങളിലും ഇവയ്‌ക്ക് കടന്നുചെല്ലാനും കഴിയും എന്ന പ്രത്യേകതയുമുണ്ട്.