പ്രകാശസംശ്ളേഷണത്തിലൂടെ സോളാർ വൈദ്യുതി, സുപ്രധാന കണ്ടെത്തലുമായി ഐസർ

Tuesday 29 November 2022 2:45 AM IST

പ്രകാശസംശ്ളേഷണം കൃത്രിമമായി നടത്താമെന്ന സുപ്രധാന കണ്ടെത്തൽ നടത്തിയ ഐസറിലെ രസതന്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.സുഖേന്ദു മണ്ഡൽ,ഗവേഷകരായ സൗരവ് ബിസ്വാസ്,അനീഷ് കുമാർ ദാസ് തുടങ്ങിയവർ

തിരുവനന്തപുരം: ഇലകൾ സൂര്യപ്രകാശം ആഗിരണം ചെയ്ത് ഉൗർജ്ജം കണ്ടെത്തുന്ന പ്രകാശസംശ്ളേഷണ പ്രക്രിയ കൃത്രിമമായി സൃഷ്ടിച്ച് വൈദ്യുതോർജ്ജമാക്കി മാറ്റാമെന്ന സുപ്രധാന കണ്ടെത്തലുമായി തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് എഡ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ)​. ചെടികളിലെ ക്രോമോഫോർസ് രാസഘടകം ഇലകളിലെ തന്മാത്രകളിൽ പ്രവർത്തിച്ച് സൂര്യപ്രകാശം ആഗിരണം ചെയ്ത് ഉൗർജ്ജമായി മാറ്റുന്ന പ്രക്രിയ കൃത്രിമമായി സൃഷ്ടിച്ചാണ് പ്രകാശസംശ്ളേഷണത്തിലൂടെ സൂര്യപ്രകാശത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്നത്.

സോളാർ വൈദ്യുതി ഉത്പാദനത്തിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുക്കാൻ സാദ്ധ്യതയുള്ള കണ്ടെത്തൽ ബ്രിട്ടനിലെ റോയൽ കെമിക്കൽ സൊസൈറ്റി ജേർണലിൽ പ്രസിദ്ധീകരിച്ചു. ആഗോളതലത്തിൽ വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഗവേഷണ മേഖലയാണിത്. നാനോ ടെക്നോളജിയിലെ എൻജിനിയറിംഗ് വൈദഗ്ദ്ധ്യത്തിലൂടെ തന്മാത്രകളിലെ ക്രോമോഫോർസ് നിരയിലെ പ്രത്യേകത മനസിലാക്കി അത് കൃത്രിമമായി പുന:സൃഷ്ടിച്ചാണ് നേട്ടം കൈവരിച്ചത്.

ഐസറിലെ രസതന്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. സുഖേന്ദു മണ്ഡൽ, ഗവേഷകരായ സൗരവ് ബിശ്വാസ്, അനീഷ് കുമാർ ദാസ്, ഇൻഡോർ ഐ.ഐ.ടിയിലെ പ്രൊഫ. ബിസ്വരൂപ് പഥക്, സൂര്യശേഖർ മന്ന എന്നിവരാണ് കണ്ടുപിടിത്തത്തിന് പിന്നിൽ.