ശബരിമലയിൽ വൻതിരക്ക്

Tuesday 29 November 2022 2:30 AM IST

ശബരിമല: പന്ത്രണ്ടുവിളക്ക് ദിവസമായ ഇന്നലെ സന്നിധാനത്തും പമ്പയിലും ഭക്തജനത്തിരക്ക്. പതിനെട്ടാംപടി കയറുന്നതിനും ദർശനം നടത്തുന്നതിനും ഭക്തർക്ക് മണിക്കൂറുകൾ കാത്തുനിൽക്കേണ്ടിവന്നു. ഈ മാസത്തെ ഏറ്റവും കൂടുതൽ വെർച്വൽ ക്യൂ ബുക്കിംഗ് ഇന്നലെയായിരുന്നു. 89,037 പേർ. ഞായറാഴ്ച രാത്രിയിൽ മഴ പെയ്തതിനാൽ മലകയറ്റത്തിന് തടസമുണ്ടായതോടെ നട അടച്ച ശേഷം ആയിരക്കണക്കിന് ഭക്തരാണ് സന്നിധാനത്തേക്ക് എത്തിയത്. ഇങ്ങനെയെത്തിയ കാൽലക്ഷത്തോളം തീർത്ഥാടകരാണ് രാത്രിയിൽ സന്നിധാനത്ത് വിരിവച്ച് വിശ്രമിച്ചത്. ഇവരും ഇന്നലെ രാവിലെ മുതൽ വടക്കേനട വഴി സോപാനത്തിൽ എത്തി ദർശനം നടത്തി. ഇതാണ് തിരക്ക് രൂക്ഷമാക്കിയത്.

സോപാനത്തെ നിര പതുക്കെ നീങ്ങിയതിനാൽ മേൽപ്പാലത്തിൽ മാത്രം തീർത്ഥാടകരുടെ കാത്തുനിൽപ്പ് മൂന്ന് മണിക്കൂറോളം നീണ്ടു. വലിയ നടപ്പന്തലിലെ എല്ലാ വരികളും ഞായറാഴ്ച രാത്രി തന്നെ നിറഞ്ഞിരുന്നു. അഞ്ച് മണിക്കൂറോളം നീണ്ട കാത്തുനിൽപ്പിന് ശേഷമാണ് ഇവർക്ക് ദർശനം നടത്താനായത്. ഇന്നലെ രാവിലെയും വൈകിട്ടും നട തുറന്നപ്പോൾ തിരക്ക് വലിയ നടപ്പന്തലും പിന്നിട്ട് ഫോറസ്റ്റ് ബംഗ്ളാവ് ഭാഗത്തേക്ക് നീണ്ടിരുന്നു. ശബരിമലയിലെ തിരക്കനുസരിച്ച് ബേസ് ക്യാമ്പായ നിലയ്ക്കലിലും തീർത്ഥാടകർക്ക് നിയന്ത്രണമുണ്ട്.