നാലു വർഷ ബിരുദം: പഠനത്തിനൊപ്പം ഗവേഷണവും

Tuesday 29 November 2022 2:47 AM IST

തിരുവനന്തപുരം: അടുത്ത വർഷം മുതൽ നാലുവർഷ ബിരുദ കോഴ്സുകൾ തുടങ്ങുന്നത് ആഗോള തൊഴിൽ തേടുന്ന കേരളത്തിലെ യുവാക്കൾക്ക് ഗുണകരം. ഗവേഷണത്തോടൊപ്പമുള്ള ബിരുദ കോഴ്സുകൾ വിദേശ ജോലിക്കും വിദേശത്തെ ഉപരിപഠനത്തിനും സഹായകമാവും.

ഇക്കണോമിക്സ്, സ്​റ്റാ​റ്റിസ്​റ്റിക്സ്, ഫിസിക്സ്, കോമേഴ്സ്, ബയോളജിക്കൽ സയൻസ് എന്നിവയിലാവും തുടക്കത്തിൽ നാലുവർഷ കോഴ്സ്. ആദ്യവർഷം സയൻസ്, കൊമേഴ‌്സ്, ആർട്സ് എന്നിവയുൾപ്പെടെ എല്ലാ വിഷയങ്ങളും പഠിക്കുകയും ,തുടർ‌ന്നു ഒരു പ്രധ‌ാന വിഷ‌യത്തിൽ പഠനം കേന്ദ്രീകരിക്കുകയും ചെയ്യുന്നതാണ് നാലുവർഷ ബിരുദത്തിന്റെ രീതി. ഒരു വിഷയത്തിൽ ഗവേഷണാടിസ്ഥാനത്തിലുള്ള പഠനം ഉറപ്പാക്കുകയും, മറ്റു വിഷയങ്ങളിൽ ധാരണയുണ്ടാക്കുകയും ചെയ്യാം. പുതിയ കോഴ്സുകളായതിനാൽ സ്കീമും സിലബസും അദ്ധ്യാപകയോഗ്യതയും യു.ജി.സി മാനദണ്ഡപ്രകാരം നിശ്ചയിക്കണം. നാലുവർഷ ബിരുദം പൂർത്തിയാക്കുന്നവർക്ക് ബിരുദാനന്തരബിരുദം കൂടാതെ ഗവേഷണം നടത്താം.

നാലു വർഷ ബിരുദ കോഴ്സുകൾക്കായി മൂന്ന് രീതികളാണ് യു.ജി.സി ശുപാർശ ചെയ്തിട്ടുള്ളത്. മൂന്നുവർഷ ബിരുദത്തിനു ശേഷം ഒരു വർഷത്തെ സ്‌പെഷ്യലൈസേഷൻ, ബിരുദത്തോടൊപ്പം മറ്റൊരു അഡിഷണൽ കോഴ്സ് പഠിച്ച് മൈനർ ബിരുദം, ട്രിപ്പിൾ മെയിൻ ബിരുദ കോഴ്സ് എന്നിവയാണവ. ബയോളജി, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവ ഒരുമിച്ച് പഠിക്കാനാവുന്ന ഡ്യുവൽ ഡിഗ്രി ഇൻ സയൻസ് ആൻഡ് എഡ്യൂക്കേഷൻ നാലുവർഷ ബിരുദമാണ് സ്വകാര്യസർവകലാശാലകളിൽ. എം.ജി, കുസാറ്റ് സർവകലാശാലകളിൽ നിലവിൽ അഞ്ചു വർഷ ഇന്റഗ്രേറ്റഡ് (ബിരുദവും പി.ജിയും ഒരുമിച്ച്) കോഴ്സുകളുണ്ട്.

Advertisement
Advertisement