അരവണ കാൻ ക്ഷാമം: സത്യവാങ്മൂലം നൽകണം

Tuesday 29 November 2022 2:51 AM IST

കൊച്ചി: ശബരിമലയിൽ അരവണ വിതരണത്തിന് പ്രതിദിനം ഒന്നരലക്ഷം കാനുകൾ മാത്രമേ നൽകാനാവൂവെന്ന് കരാർ കമ്പനി ഹൈക്കോടതിയിൽ അറിയിച്ചു. ഇതിൽ കൂടുതൽ കാനുകൾ വേണമെന്ന് ദേവസ്വം ബോർഡും വ്യക്തമാക്കി. തുടർന്ന് നിലവിലെ സാഹചര്യങ്ങൾ വ്യക്തമാക്കി കരാർ കമ്പനി സത്യവാങ്മൂലം നൽകാൻ നിർദ്ദേശിച്ച് ഹൈക്കോടതി വിഷയം ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.

അരവണ വിതരണത്തിന് വേണ്ടത്ര കാനുകൾ ലഭ്യമാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കരാർ കമ്പനിക്കെതിരെ ശബരിമല സ്പെഷ്യൽ കമ്മിഷണർ ഹൈക്കോടതിക്ക് റിപ്പോർട്ടു നൽകിയിരുന്നു. തുടർന്നാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിഷയം പരിഗണിച്ചത്.

അരവണ വിതരണത്തിന് ദിവസം തോറും 2.50 - 2.75 ലക്ഷം കാനുകൾ ആവശ്യമുണ്ടെന്ന് ദേവസ്വം ബോർഡ് വിശദീകരിച്ചു. പ്രാദേശികമായി കാനുകൾ വാങ്ങാനോ പുതിയ ടെൻഡർ വിളിക്കാനോ അനുവദിക്കണമെന്നാണ് ബോർഡിന്റെ നിലപാട്. 37 ലക്ഷം കാനുകളാണ് ശബരിമലയിൽ സ്റ്റോക്കുള്ളതെന്നും ബോർഡ് വ്യക്തമാക്കി.

Advertisement
Advertisement