ധർമ്മജ് ക്രോപ്പ് ഗാർഡിന്റെ ഐ.പി.ഒ നവംബർ 28ന്
കൊച്ചി: 2015ൽ ആരംഭിച്ച അഗ്രോകെമിക്കൽ കമ്പനിയായ ധർമ്മജ് ക്രോപ്പ് ഗാർഡ് ലിമിറ്റഡ് ഇനീഷ്യൽ പബ്ലിക് ഓഫറിംഗിന് ഒരുങ്ങുന്നു. നവംബർ 28 ന് തുടങ്ങുന്ന ഐ.പി.ഒയിലൂടെ 250 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
കീടനാശിനികൾ, കുമിൾനാശിനികൾ, കളനാശിനികൾ, സസ്യവളർച്ച നിയന്ത്രിക്കുന്നവ, മൈക്രോ വളങ്ങൾ, ആന്റിബയോട്ടിക്കുകൾ എന്നിവയുടെ വിതരണം, വിപണനം എന്നിവയിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ഗുജറാത്തിലെ അഹമ്മദാബാദിലാണ് കമ്പനിയുടെ ഉത്പാദന കേന്ദ്രം സ്ഥിതി ചെയ്യുന്നത്. രാജ്യത്ത് 4200 ലധികം ഡീലർമാരിലൂടെ 17 സംസ്ഥാനങ്ങളിൽ കമ്പനിയുടെ ബ്രാൻഡഡ് ഉത്പങ്ങൾ വിറ്റുവരുന്നുണ്ട്. ലാറ്റിനമേരിക്ക, കിഴക്കൻ ആഫ്രിക്കൻ , മിഡിൽ ഈസ്റ്റ്, ഫാർ ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലെ 25 ലധികം രാജ്യങ്ങളിലേക്ക് കമ്പനി ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്.
ജൂലായ് 2022 വരെയുള്ള കണക്കനുസരിച്ച് ധർമ്മജ് ക്രോപ്പ് ഗാർഡ് ലിമിറ്റഡിന് 219ലധികം സ്ഥാപന ഉത്പന്നങ്ങളും ഇന്ത്യയിലും അന്താരാഷ്ട്ര വിപണിയിലുമായി 600ലധികം ഉപഭോക്താക്കളുമുണ്ട്. അതോടൊപ്പം 25 രാജ്യങ്ങളിലായി 60ലധികം ഉപഭോക്താക്കളിലേക്ക് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുമുണ്ട്.
2020,21, 22 സാമ്പത്തിക വർഷങ്ങളിലെ പ്രവർത്തനങ്ങളിൽ നിന്ന് യഥാക്രമം 1,982.22 ദശലക്ഷം, 3,024.10 ദശലക്ഷം, 3,962.88 രൂപ എന്നിങ്ങനെയാണ് കമ്പനിയുടെ വരുമാനം.