കളിയും കളവും തിരിച്ചു പിടിച്ച് ക്രൊയേഷ്യ

Tuesday 29 November 2022 2:04 AM IST

ക്രൊയേഷ്യ 4-1ന് കാനഡയെ വീഴ്ത്തി

കാനഡ നോക്കൗട്ട് കാണാതെ പുറത്ത്

ദോഹ: ആദ്യ മത്സരത്തിലെ ഗോൾരഹിത സമനിലയിൽ നിന്നും രണ്ടാം മത്സരത്തിന്റെ രണ്ടാം മിനിട്ടിൽ വഴങ്ങിയ ഗോളിൽ നിന്നും തിരിച്ചുവന്ന ക്രൊയേഷ്യ കാനഡയെ 4-1ന് തകർത്ത് പ്രീക്വാർട്ടർ സാദ്ധ്യതകൾ വർദ്ധിപ്പിച്ചു. ഇതോടെ കാനഡ പുറത്താവുകയും ചെയ്തു.

ആന്ദ്രേ ക്രമറിച്ചാണ് ഇരട്ടഗോളുകളുമായി ക്രൊയേഷ്യൻ മുന്നേറ്റങ്ങളുടെ കുന്തമുനയായത്. മാർകോ ലിവാജ, ലോവ്റോ മജെർ എന്നിവർ ഓരോ തവണ ലക്ഷ്യം കണ്ടു. രണ്ട് ഗോളുകൾക്ക് വഴിയൊരുക്കി പെരിസിച്ചും തിളങ്ങി. അൽഫോൺസോ ഡേവിസാണ് രണ്ടാം മിനിട്ടിൽ കാനഡയ്ക്കായി സ്കോർ ചെയ്തത്. ആദ്യ മത്സരത്തിൽ മൊറോക്കോയോട് ഗോൾ രഹിത സമനിലയിൽ കുരുങ്ങിയ ക്രൊയേഷ്യയുടെ അക്കൗണ്ടിൽ ഇന്നലത്തെ ജയത്തോടെ 4 പോയിന്റായി. മറുവശത്ത് കരുത്തരായ ബെൽജിയത്തോട് ആദ്യ മത്സരത്തിൽ പൊരുതി വീണ കാനഡ രണ്ടാം തോൽവിയോടെ ലോകകപ്പിൽ നിന്ന് പുറത്താവുകയായിരുന്നു.

അവസാനമത്സരത്തിൽ ബെൽജിയത്തിനെതിരെ തോൽക്കാതിരുന്നാൽ ക്രൊയേഷ്യയ്ക്ക് അവസാന എട്ടിലെത്താം.

രണ്ടാം മിനിട്ടിൽ അൽഫോൺസോ ഡേവിസ് നേടിയത് കാനഡയുടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോളായിരുന്നു. ഈ ലോകകപ്പിൽ ഏറ്റവും വേഗത്തിൽ പിറന്ന ഗോളും ഇതു തന്നെ.

Advertisement
Advertisement