ഓസിലിന്റെ ചിത്രമുയർത്തി വാപൊത്തി ആരാധകർ

Tuesday 29 November 2022 2:14 AM IST

ദോഹ : സ്പെയ്നിനെതിരായ മത്സരത്തിനിടെ ഗാലറിയിൽ മുൻ ജർമ്മൻ താരം മെസ്യൂട്ട് ഓസിലിന്റെ ചിത്രവുമായി ആരാധകർ. ചിത്രമുയർത്തിപ്പിടിച്ച ഇവർ വാ പൊത്തുകയും ചെയ്തിരുന്നു. 'വണ്‍ ലവ് ' ആം ബാൻഡ് വിലക്കിയ ഫിഫ നടപടിയിൽ പ്രതിഷേധിച്ച് ജപ്പാനെതിരായ മത്സരത്തിന് മുമ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ ജർമ്മൻ താരങ്ങൾ വാ പൊത്തിപ്പിടിച്ചിരുന്നു. ഇത് ജർമ്മൻ ടീമിന്റെ ഇരട്ടത്താപ്പാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഒാസിൽ ആരാധകർ രംഗത്തെത്തിയത്. ഓസിലിനോട് വിവേചനം കാണിച്ചവർ ലൈംഗിക ന്യൂനപക്ഷവിഭാഗങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനെ പിന്തുണയ്ക്കാനാവില്ലെന്നും ഇവർ വാദിക്കുന്നു.

ജർമ്മൻ ടീമിൽ വംശീയമായ വേർതിരിവുകളുണ്ടെന്ന് ആരോപിച്ച് നേരത്തെ വിരമിക്കൽ പ്രഖ്യാപിച്ച താരമാണ് ഓസിൽ. മനം മടുത്താണ് താൻ വിരമിക്കുന്നതെന്നും ഓസിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഒരു കൂട്ടം ആരാധകർ ഓസിലിന് പിന്തുണയുമായി സ്റ്റേഡിയത്തിലെത്തിയത്.

2018 ലോകകപ്പിൽ ആദ്യ റൗണ്ടിലെ തോൽവിക്ക് ശേഷം ജർമ്മനിയിൽ നിന്ന് വംശീയ അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നുവെന്ന് ഓസിൽ പറഞ്ഞിരുന്നു. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനൊപ്പമുള്ള ഓസിലിന്റെ ഒരു ചിത്രം വംശീയപ്രചാരണങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്തു. കഴിഞ്ഞ ലോകകപ്പിലെ നാണംകെട്ട പുറത്താകലിന് കാരണം ഓസിലാണെന്നും ചില ജർമ്മൻ മാധ്യമങ്ങൾ എഴുതിയിരുന്നു, 'ഞാൻ ഗോൾ നേടുമ്പോൾ ജർമ്മൻകാരനും ടീം പരാജയപ്പെടുമ്പോൾ കുടിയേറ്റക്കാരനുമാകുന്നു' എന്ന ഓസിലിന്റെ വാക്കുകൾ അന്ന് ഏറെ ശ്രദ്ധ നേടിയിരുന്നു.

Advertisement
Advertisement