ത്രില്ലറിൽ കൊമ്പുകുലുക്കി ഘാന,​ കണ്ണീരായി കൊറിയ

Tuesday 29 November 2022 2:31 AM IST

ദോഹ: എഡ്യൂക്കേഷൻ സ്റ്റേഡിയത്തിലെ പുല്ലുകളെപ്പോലും തീപിടിപ്പിച്ച ത്രില്ലർ പോരാട്ടത്തിനൊടുവിൽ ഘാനയ്ക്കെതിരെ പൊരുതി വീണ് ദക്ഷിണ കൊറിയ. ഗ്രൂപ്പ് എച്ചിലെ മത്സരത്തിൽ രണ്ട് ഗോളിന് പിന്നിലായിരുന്ന ശേഷം രണ്ടാം പകുതിയിൽ പൊരുതി ഒപ്പമെത്തിയ കൊറിയൻ പട ഒടുവിൽ 3-2ന് ഇടറി വീഴുകയായിരുന്നു. മൊഹമ്മദ് കുഡൂസ് ഘാനയ്ക്കായി ഇരട്ടഗോളുകൾ നേടിയപ്പോൾ മൊഹമ്മദ് സാലിസും ഒരുതവണ ലക്ഷ്യം കണ്ടു. ചോ ഗ്യു സംഗാണ് തകർപ്പൻ ഹെഡ്ഡറുകളിലൂടെ കൊറിയയുടെ രണ്ട് ഗോളുകളും നേടിയത്.

കഴിഞ്ഞ മത്സരത്തിൽ പോർച്ചുഗലിനെതിരെ പൊരുതിക്കളിച്ചിട്ടും 2-3ന് തോറ്റ ഘാന ഇന്നലെ ആതേ സ്കോറിന് കൊറിയയുടെ കനത്ത വെല്ലുവിളി മറികടക്കുകയായിരുന്നു. മറുവശത്ത് പന്തടക്കത്തിലും പാസിംഗിലും ഷോട്ടിലുമെല്ലാം ഘാനയെക്കാൾ വളരെ മുന്നിലായിരുന്ന കൊറിയ വലകുലുക്കുന്നതിൽ പിന്നാക്കം പോവുകയായിരുന്നു.

ആദ്യ പകുതിയിൽ തന്നെ ഘാന രണ്ട് ഗോൾ നേടി വ്യക്തമായ ലീഡ് സ്വന്തമാക്കിയെങ്കിലും രണ്ടാം പകുതിയിൽ മൂന്ന് മിനിട്ടിനിടെ രണ്ട് ഗോളുകൾ നേടി കൊറിയ ആഫ്രിക്കൻ കരുത്തരെ ഞെട്ടിക്കുകയായിരുന്നു. പിന്നീട് കൊറിയൻ മുന്നേറ്റത്തിനിടെ വീണുകിട്ടിയ അവസരം കൃത്യമായി മുതലാക്കി ഘാന മൂന്നാം ഗോളും ജയവും ഉറപ്പിച്ചു.

തുടക്കം മുതൽ തന്നെ സൺ ഹ്യൂഗ് മിന്നും സംഘവും ഘാന ഗോൾ മുഖത്തേക്ക് ഇരച്ചെത്തി. എന്നാൽ കളിയുടെ ഗതിക്ക് വിപരീതമായി 24ാം മിനിട്ടിൽ സാലിസുവിലൂടെ ഘാന ലീഡെടുത്തു. അപ്രതീക്ഷിതമായി വഴങ്ങിയ ഗോളിൽ പതറിയല കൊറിയക്കെതിരെ കുഡുസിലൂടെ ഘാന ലീഡുയർത്തി. എന്നാൽ രണ്ടാം പകുതിയിൽ ആക്രമണം കനപ്പിച്ച കൊറിയ 58,​61മിനിട്ടുകളിൽ ചോ ഗ്യു സംഗിന്റെ തകർപ്പൻ ഹെഡ്ഡറുകളിലൂെടെ ഒപ്പമെത്തി. എന്നാൽ ഏഴ് മിനിട്ടിന് ശേഷം കുഡുസ് വീണ്ടും ഘാനയുടെ രക്ഷകനായി വലകുലുക്കിയതോടെ കൊറിയ വീണ്ടും പിന്നിലായി. അവസാന നിമിഷങ്ങളിൽ ഗോളിനായി കൊറിയ ഇരമ്പിയാർത്തെങ്കിലും പ്രതിരോധ കോട്ട കെട്ടി ഘാന തടയുകയായിരുന്നു. അവരുടെ ഗോൾ കീപ്പർ ലോറൻസ് അതി സ്വിഗി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

ജയത്തോടെ മൂന്ന് പോയിന്റുമായി ഗ്രൂപ്പിൽ ഘാന രണ്ടാം സ്ഥാനത്തെത്തി. പോർച്ചുഗലാണ് ഒന്നാമതുള്ളത്. ഉറുഗ്വെ മൂന്നാം സ്ഥാനത്താണ്. കൊറിയ നാലാമതാണ്.

കൊറിയൻ കോച്ചിന് ചുവപ്പ് കാർഡ്

ലോംഗ് വിസിലിന് പിന്നാലെ ഗ്രൗണ്ടിലേക്ക് ഇറങ്ങി റഫറിയുമായി തർക്കിച്ച കൊറിയൻ കോച്ച് പൗലോ ബെന്റോയ്ക്ക് ചുവപ്പ് കാർഡ് കിട്ടി. കൊറിയ ഒരു കോർണർ നേടിയെടുത്തിന് പിന്നാലെയാണ് റഫറി അന്റണി ടെയ്ലർ ലോംഗ് വിസിൽ മുഴക്കിയത്. കോർണർ കിക്കെടുക്കാൻ അനുവദിക്കാതെ മത്സരം അവസാനിപ്പിച്ചതിലുള്ള അരിശത്തിൽ ബെന്റോ മൈതാനത്തേക്ക് ഓടയെത്തിയ റഫറിയോട് കയർക്കുകയായിരുന്നു. ഉടൻ തന്നെ റഫറി ചുവപ്പ് കാർഡ് പുറത്തെടുത്തു.

Advertisement
Advertisement