സഹപാഠികളുടെ വിയോഗത്തിൽ വിതുമ്പി കണ്ടച്ചിറയും ഏഴംകുളവും

Tuesday 29 November 2022 4:41 AM IST

കുളത്തൂപ്പുഴ: കല്ലടയാറ്റിൽ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ മുങ്ങി മരിച്ച സഹപാഠികളായ റോഷന്റെയും റൂബന്റെയും വിയോഗത്തിൽ വിതുമ്പി ജന്മഗ്രാമങ്ങളായ കണ്ടച്ചിറയും ഏഴംകുളവും.

കണ്ടച്ചിറ റോഷ്ന മൻസിൽ ഷറഫുദിൻ- നാഫി ദമ്പതികളുടെ മകനാണ് മരണമടഞ്ഞ റോഷൻ. ഏഴംകുളം പൊയ്കയിൽ ബിജു മാത്യുവിന്റെയും സൂസിയുടെയും മകനാണ് റൂബൻ ബിജു. കുളത്തൂപ്പുഴ സാം ഉമ്മൻ മെമ്മോറിയൽ ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥികളാണ് ഇരുവരും. പഠനത്തിലും പാഠ്യേതര പ്രവർത്തനത്തിലും മികവ് പുലർത്തിയിരുന്ന ഇവരുടെ വിയോഗം കുടുംബങ്ങൾക്കും നാടിനും കടുത്ത ആഘാതമായി. നാട്ടിലുള്ള എല്ലാവരുമായി അടുത്തിടപഴകുകയും ബന്ധങ്ങൾ കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്ന വിദ്യാർത്ഥികളായിരുന്നു ഇരുവരും. പ്രദേശത്തെ എല്ലാ പരിപാടികളിലും സജീവമായിരുന്നു റോഷൻ. അദ്ധ്യാപകർക്കും സഹപാഠികൾക്കും ഏറെ പ്രിയപ്പെട്ടവരായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സ്കൂളിൽ നടന്ന അഖിലകേരളാ ശാസ്ത്രമേളയുടെ വോളണ്ടിയറായി പ്രവർത്തിച്ച് വിവിധ സ്കൂളുകളിൽ നിന്ന് എത്തിയ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും എല്ലാ സഹായങ്ങളും ഒരുക്കാൻ മുൻപന്തിയിൽ ഉണ്ടായിരുന്നു ഇരുവരും. സ്കൂൾ കലോത്സവത്തിൽ നാടകം ഉൾപ്പെടെയുള്ള കലാമത്സരങ്ങളിലും റോഷൻ മത്സരിച്ചിരുന്നു.

Advertisement
Advertisement