അഞ്ചലുണർത്തി ബാന്റുമേളപ്പെരുക്കം

Tuesday 29 November 2022 4:43 AM IST

അഞ്ചൽ: കലയുടെ ഉത്സവത്തിന് അഞ്ചലിനെ ഉണർത്തിയത് ബാന്റുമേളപ്പെരുക്കമാണ്. രചനാ മത്സരങ്ങളുടെ വിരസത നിറഞ്ഞയിടത്തേക്കാണ് കുട്ടിക്കൂട്ടം ബാന്റിൽ താളമിട്ടത്.

പൊള്ളുന്ന ചൂടിനെ വകവയ്ക്കാതെ സെന്റ് ജോർജ് സെൻട്രൽ സ്കൂൾ ഗ്രൗണ്ടിൽ അവർ ബാന്റിൽ അമ്പരപ്പിക്കുന്ന ശബ്ദമിശ്രണമെത്തിച്ചു. പിഴയ്ക്കാത്ത ചുവടുകളും ആകർഷണീയമായ നീക്കങ്ങളും താളമുള്ള സംഗീതവും കാഴ്ചക്കാർക്ക് ഹരമായി. സ്കൂൾ കലോത്സവ നഗരിയിൽ ഇന്നലെ ആൾക്കൂട്ടമെത്തിയത് ബാന്റ് മേള മത്സരത്തിന് മുന്നിൽ മാത്രമായിരുന്നു.

കൊട്ടിക്കയറി സെയ്ദലിയും കൂട്ടരും

പട്ടാളച്ചിട്ടകളോടെ കുണ്ടറ തൃപ്പലഴികം ലിറ്റിൽ ഫ്ളവർ എച്ച്.എസിലെ സെയ്ദലിയും കൂട്ടരും ചുവടുവച്ചു,​ കൊട്ടിക്കയറി,​ സംഗീതം പൊഴിച്ചു. വിസ്മയിപ്പിക്കുന്ന പ്രകടനത്തിന് മുന്നിൽ കാഴ്ചക്കാർ കണ്ണും കാതും കൂർപ്പിച്ചു. കഴിഞ്ഞ ഏഴ് വർഷമായി ബാന്റിൽ കുത്തക നിലനിറുത്തുന്നവരാണ് ലിറ്റിൽ ഫ്ളവർ സ്കൂൾ. ബാന്റ് തങ്ങളുടെ മാസ്റ്റർ പീസാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ഹൈസ്കൂൾ വിദ്യാർത്ഥികളായ സെയ്ദലി,​ ജോയൽ,​ ജൊനൈൻ,​ അലൻമാത്യു,​ അദ്വൈത്,​ പ്രകീർത്ത്,​ അശ്വിൻ,​ അലൻ വിനോദ്,​ സജിൽ,​ റെയ്ത്തിൻ,​ നോയൽ,​ നീരജ്,​ ശരൺ,​ ആൽവിൻ,​ ദേവദാസ്,​ നിതിൻ,​ ഹാനോക്ക്,​ ജാൻ,​ റയാൻ,​ അഫ്സൽ എന്നീ കൂട്ടുകാർ ബാന്റിൽ താളമിട്ടത്.

Advertisement
Advertisement