മേയറുടെ കത്ത് വിവാദം, എൽ ഡി എഫിന്റെ വാർഡ് തല പ്രചാരണം ഇന്നും നാളെയും, മുന്നൂറോളം പേർ പങ്കെടുക്കും

Tuesday 29 November 2022 8:49 AM IST

തിരുവനന്തപുരം: കോർപ്പറേഷനിൽ നിയമനങ്ങൾക്ക് പാർട്ടി പ്രവർത്തകരുടെ പട്ടിക ചോദിച്ച് മേയർ ആര്യാ രാജേന്ദ്രൻ സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തയച്ചെന്ന ആരോപണത്തിനെതിരെ ഇന്നും നാളെയും എൽ ഡി എഫ് പ്രചാരണം. വാ‌ർഡ് തലത്തിലുള്ള പ്രചാരണം നഗരസഭയിലെ നൂറ് വാർഡുകളിൽ ഇന്ന് വൈകിട്ട് ആരംഭിക്കും.

ഇന്നും നാളെയുമായി നടക്കുന്ന വിശദീകരണ യോഗത്തിൽ മുന്നൂറോളം ആളുകളെ പങ്കെടുപ്പിക്കാനാണ് തീരുമാനം. സി പി എം ജില്ലാ കമ്മിറ്റിയുടെ യോഗത്തിലാണ് വാർഡ് തല പ്രചാരണം നടത്താൻ തീരുമാനമായത്. യു ഡി എഫ്- ബി ജെ പി കൂട്ടുകെട്ടാണ് കത്ത് വിവാദത്തിന് പിന്നിലെന്നാണ് സി പി എമ്മിന്റെ ആരോപണം. നഗരസഭയുടെ ഭരണം അട്ടിമറിക്കുന്നതിനായി അവിശുദ്ധ കൂട്ടുകെട്ട് ശ്രമിക്കുന്നുവെന്നും കുറ്റപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

അതേസമയം, കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് സംഘം ആനാവൂർ നാഗപ്പന്റെ മൊഴി രണ്ട് ദിവസത്തിനുള്ളിൽ രേഖപ്പെടുത്തുമെന്നാണ് വിവരം. മേയറുടെയും കോർപ്പറേഷനിലെ ജീവനക്കാരുടെയും മൊഴിയാണ് ഇതുവരെ രേഖപ്പെടുത്തിയത്. കോർപ്പറേഷനിലെ രണ്ട് ജീവനക്കാരുടെ മൊഴി കൂടി രേഖപ്പെടുത്തിയശേഷം ആനാവൂരിന്റെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കുന്ന സമയത്ത് ആനാവൂർ നാഗപ്പനിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇത്തവണ ആനാവൂരിന്റെ മൊഴി വിശദമായി രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ തീരുമാനം. കത്ത് തങ്ങൾ തയ്യാറാക്കിയതല്ലെന്നാണ് മേയറും കോർപ്പറേഷൻ ഓഫീസിലെ ജീവനക്കാരും പറയുന്നത്. പ്രാഥമിക മൊഴിയെടുപ്പുകൾക്ക് ശേഷമേ ശാസ്ത്രീയ പരിശോധന അടക്കമുള്ള അടുത്ത ഘട്ടത്തിലേക്ക് അന്വേഷണ സംഘം കടക്കുകയുള്ളൂ.

Advertisement
Advertisement