'മോഹന'ത്തിൽ രൗദ്രതാളം

Wednesday 30 November 2022 12:26 AM IST
ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയായ മോഹനത്തിൽ ഇന്നലെ ഭരതനാട്യം വിധി നിർണ്ണയത്തെ ചൊല്ലിയുണ്ടായ പ്രതിഷേധം.

  • ഭരതനാട്യം, കുച്ചുപ്പുടി വിധിനിർണ്ണയത്തെ ചൊല്ലി തർക്കം, പ്രതിഷേധം

ഒറ്റപ്പാലം: ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയായ മോഹനത്തിൽ ഇന്നലെ ഭരതനാട്യം, കുച്ചുപ്പുടി മത്സരങ്ങളിലെ വിധി നിർണയത്തെ ചൊല്ലി തർക്കം. പ്രതിഷേധവുമായി മത്സരാർത്ഥികളും രക്ഷിതാക്കളും കാണികളും രംഗത്തെത്തി.
യു.പി വിഭാഗം ഭരതനാട്യം വിധി നിർണ്ണയത്തെ ചൊല്ലിയാണ് തർക്കം തുടങ്ങിയത്. മികച്ച പ്രകടനം കാഴ്ച വെച്ചവരെ തഴഞ്ഞ് നൃത്താദ്ധ്യാപകനായ പുത്തൂർ പ്രമോദ് ദാസിന്റെ മകൾക്കും ശിഷ്യർക്കും മാത്രം ഒന്നാംസ്ഥാനവും എ ഗ്രേഡും നൽകി എന്നായിരുന്നു ആരോപണം. വിധികർത്താക്കളായ ബബിത ദാസ്, അജിത ബാലൻ, ദീപ ചന്ദ്രൻ എന്നിവരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതോടെ അധികൃതർ ഇവരെ മറ്റൊരു മുറിയിലേക്ക് മാറ്റി. ഭരതനാട്യം അദ്ധ്യാപകരാണ് കുച്ചുപ്പുടിക്ക് വിധികർത്താക്കളായി വന്നതെന്നും പരാതിയുയർന്നു.

കുച്ചുപ്പുടിയിൽ പ്രമോദ് ദാസിന്റെ ശിഷ്യ സ്‌നേഹയ്ക്ക് ഒന്നാംസ്ഥാനം കിട്ടിയതും പ്രതിഷേധം ആളിക്കത്തിച്ചു. കഴിഞ്ഞ നാലുവർഷമായി എല്ലാ സ്കൂൾ കലോത്സവത്തിലും പ്രമോദിന്റെ ശിഷ്യർക്ക് മാത്രമായി ഒന്നും രണ്ടും മൂന്നും സ്ഥാനം വീതം വെക്കുകയാണെന്നും കർശന നിരീക്ഷണം വേണമെന്നുമാവശ്യപ്പെട്ട് രക്ഷിതാക്കൾ ജില്ലാ കലക്ടർ, വിദ്യാഭ്യാസ ഡയറക്ടർ, വിജിലൻസ് എന്നിവർക്ക് കത്ത് നൽകിയെങ്കിലും ആരും ഇടപെട്ടില്ലെന്നും ആരോപണമുണ്ട്.
വിധി നിർണ്ണയത്തിനിടെ ഫോൺ ഉപയോഗിക്കാൻ പാടില്ലെന്ന നിയമം ജഡ്ജസ് ലംഘിച്ചതായി രക്ഷിതാക്കൾ പറഞ്ഞു. യൂത്ത് ഫെസ്റ്റിവൽ മാനുവലിൽ ഉപജില്ലയിൽ വിധിനിർണ്ണയത്തിന് വന്നവർ ജില്ലാതലത്തിൽ പങ്കെടുക്കാൻ പാടില്ലെന്നതും ഇവിടെ ജലരേഖമായി. ഷൊർണൂർ ഉപജില്ലയിൽ വിധികർത്താവായ ദീപ ചന്ദ്രൻ ജില്ലാ കലോത്സവത്തിലും വിധികർത്താവായി. വിധികർത്താക്കളെ മാറ്റണമെന്നും പുനർനിർണയം നടത്തണമെന്നും രക്ഷിതാക്കളും നൃത്താദ്ധ്യാപകൻ ചിറ്റൂർ ബാബുവും ആവശ്യപ്പെട്ടു.
മത്സരാർത്ഥിയും രക്ഷിതാക്കളും നൃത്താദ്ധ്യാപകരും വേദി ഒന്നിന് മുന്നിൽ ഏറെ നേരം പ്രതിഷേധിച്ചു. ഇതോടെ ഒന്നര മണിക്കൂർ മത്സരം നിറുത്തിവച്ചു. ആൺകുട്ടികളുടെ ഭരതനാട്യം തുടങ്ങിയതോടെ വീണ്ടും ബഹളമായി. പിന്നീട് പൊലീസും വിദ്യാഭ്യാസ വകുപ്പ് അധികൃതരും മറ്റും ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.

Advertisement
Advertisement