എയർഇന്ത്യയും വിസ്‌താരയും ലയിക്കുന്നു

Wednesday 30 November 2022 2:22 AM IST

ന്യൂഡൽഹി: കേന്ദ്രസർക്കാരിൽ നിന്ന് ഏറ്റെടുത്ത എയർഇന്ത്യയെയും സിംഗപ്പൂർ എയർലൈൻസുമായി (എസ്.ഐ.എ) ചേർന്നുള്ള സംയുക്തസംരംഭമായ വിസ്‌താരയെയും ലയിപ്പിക്കാൻ ടാറ്റാ ഗ്രൂപ്പ് തീരുമാനിച്ചു. 2024 മാർച്ചിൽ ലയനം പൂർണമാകും.

നിലവിൽ എയർഇന്ത്യയുടെ പൂർണ ഉടമസ്ഥാവകാശം ടാറ്റയ്ക്കാണ്. വിസ്‌താരയിൽ 51 ശതമാനം ഓഹരിപങ്കാളിത്തമാണ് ടാറ്റയ്ക്കുള്ളത്; ബാക്കി എസ്.ഐ.എയ്ക്കും. എയർഇന്ത്യയും വിസ്‌താരയും ലയിച്ചുണ്ടാകുന്ന പുത്തൻ കമ്പനിയിൽ എസ്.ഐ.എ 2,​058.5 കോടി രൂപ നിക്ഷേപിക്കും. അവർക്ക് കമ്പനിയിൽ 25.1 ശതമാനം ഓഹരിപങ്കാളിത്തവും ലഭിക്കും.

ടാറ്റയ്ക്ക് ഓഹരിപങ്കാളിത്തമുള്ള എയർഏഷ്യ ഇന്ത്യ,​ എയർ ഇന്ത്യയുടെ ഉപസ്ഥാപനമായ എയർഇന്ത്യ എക്‌സ്‌പ്രസ് എന്നിവയെയും വൈകാതെ എയർഇന്ത്യ എന്ന ഒറ്റ ബ്രാൻഡിന് കീഴിലാക്കാനാണ് ടാറ്റയുടെ നീക്കം. എയർഇന്ത്യയും വിസ്‌താരയും ലയിക്കുന്നതോടെ 218 എയർക്രാഫ്‌റ്റുകളുമായി ഇന്ത്യയുടെ ഏറ്റവും വലിയ അന്താരാഷ്‌ട്ര വിമാനക്കമ്പനിയും രണ്ടാമത്തെ വലിയ ആഭ്യന്തര വിമാനക്കമ്പനിയുമായി എയർഇന്ത്യ മാറും. എയർഇന്ത്യയെ 'വേൾഡ്-ക്ളാസ്" എയർലൈനാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് ലയനമെന്ന് ടാറ്റാ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ പറഞ്ഞു.

Advertisement
Advertisement