മെഡിക്കൽ കോളേജ് ഹോസ്‌റ്റലിലെ നിയന്ത്രണം ആണധികാര വ്യവസ്ഥയുടെ ഭാഗമെന്ന് ഹൈക്കോടതി, കാരണം വ്യക്തമാക്കണമെന്ന് സർക്കാരിന് നിർദ്ദേശം

Tuesday 29 November 2022 7:40 PM IST

കോഴിക്കോട്: മെഡിക്കൽ കോളേജ് വനിതാ ഹോസ്‌റ്റലിൽ സുരക്ഷാപേരിൽ വിദ്യാർത്ഥിനികൾക്ക് നിയന്ത്രണങ്ങൾ കൊണ്ടുവന്നതിനെ ശക്തമായി വിമർശിച്ച് ഹൈക്കോടതി. വിദ്യാർത്ഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല. നിയന്ത്രണം ആണധികാര വ്യവസ്ഥയുടെ ഭാഗമാണ്. ക്യാമ്പസിൽ പോലും സുരക്ഷയുടെ പേരിൽ ഇറങ്ങരുതെന്ന് ഭരണകൂടം പറയുന്നതിന്റെ അടിസ്ഥാനമെന്താണെന്നും കോടതി ചോദിച്ചു.

ഹോസ്‌റ്റൽ നിയന്ത്രണം ചോദ്യംചെയ്‌ത് കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികൾ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇങ്ങനെ നിരീക്ഷിച്ചത്. പെൺകുട്ടികളുടെ ഹോസ്‌‌റ്റലിൽ 9.30 എന്ന സമയനിയന്ത്രണമുണ്ട്. ഇതിന് കാരണം വ്യക്തമാക്കണമെന്നാണ് സർക്കാരിന് കോടതി നിർദ്ദേശം നൽകിയത്. രാത്രി 9.30ന് തന്നെ വിദ്യാർത്ഥിനികൾ ലേഡീസ് ഹോസ്‌റ്റലിൽ കയറണമെന്ന ചട്ടം നിർബന്ധമാക്കിയതോടെ തിങ്കളാഴ്‌ച രാത്രി ടർഫിൽ ഫുട്ബാൾ കളിച്ച് വിദ്യാർത്ഥിനികൾ പ്രതിഷേധിച്ചു.

സർക്കാർ നിയമമനുസരിച്ചാണ് ഹോസ്‌റ്റൽ പ്രവർത്തിക്കുന്നതെന്നും ലിംഗവിവേചനമല്ലെന്നുമാണ് കോളേജ് അധികൃതർ അറിയിച്ചത്. പ്രശ്‌ന പരിഹാരത്തിന് വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ, കോളേജ് അധികൃതർ എന്നിവർ ഉൾപ്പെട്ട കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. എന്നാൽ പ്രശ്‌ന പരിഹാരത്തിന് പ്രിൻസിപ്പലുമായി നടത്തിയ ചർച്ച ഫലം കണ്ടിരുന്നില്ല.

Advertisement
Advertisement