വിസ്‌താരയെ എയർ ഇന്ത്യയിൽ ലയിപ്പിക്കാൻ പ്രഖ്യാപനവുമായി ടാറ്റ; ലയനം ഒന്നര വർഷത്തിനകം

Tuesday 29 November 2022 9:09 PM IST

മുംബയ്: വിമാന കമ്പനികളായ എയർ ഇന്ത്യയും വിസ്‌താരയും തമ്മിൽ ലയനം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്. വിസ്‌താരയിൽ പങ്കാളിത്തമുള‌ള സിംഗപ്പൂർ എയർലൈൻ ബോർഡ് ഇക്കാര്യം അംഗീകരിച്ചതോടെയാണ് ടാറ്റ സൺസ് വിവരം പ്രഖ്യാപിച്ചത്. 2024 മാർച്ചോടെ ലയനം പൂർത്തിയാകും. സിംഗപ്പൂർ എയർലൈൻസിന് ഇതോടെ എയർ ഇന്ത്യയിൽ 25.1 ശതമാനം ഓഹരി പങ്കാളിത്തമാകും.250 ദശലക്ഷം ഡോളർ സിംഗപ്പൂർ എയർലൈൻസ് ലയനത്തിന്റെ ഭാഗമായി എയർ ഇന്ത്യയിൽ നിക്ഷേപിക്കും. ലയനം പൂർത്തിയാകുന്നതോടെ എയർ ഇന്ത്യയിൽ 218 വിമാനങ്ങളാകും. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര ക്യാരിയറായും ലോകത്ത് രണ്ടാമത് ഏ‌റ്റവും വലിയ ആഭ്യന്തര ക്യാരിയറായും കമ്പനി മാറും.

വിസ്‌താരയിൽ നിലവിൽ 51 ശതമാനം ഓഹരി പങ്കാളിത്തം ടാ‌റ്റയ്‌ക്കും 49 ശതമാനം സിംഗപ്പൂർ എയർലൈൻസ് ബോർഡിനുമാണ്. 2013ൽ സ്ഥാപിതമായ വിസ്‌താര 2015 ജനുവരി ഒൻപതിനാണ് സർവീസ് ആരംഭിച്ചത്. സർക്കാർ ഓഹരി വിറ്റഴിക്കുന്നതിന്റെ ഫലമായി 18000 കോടി രൂപയ്‌ക്കാണ് ടാറ്റ ‌സൺസ് എയർ ഇന്ത്യയെ സ്വന്തമാക്കിയത്.