42 കോടി അനുവദിച്ചു; റേഷൻ വ്യാപാരികൾക്ക് കമ്മിഷൻ ഉടൻ

Tuesday 29 November 2022 11:59 PM IST

തിരുവനന്തപുരം: റേഷൻ വ്യാപാരികൾക്ക് ഒക്ടോബറിലെ കമ്മിഷൻ നൽകുന്നതിനും വിപണി ഇടപെടലിനും വേണ്ടി ഭക്ഷ്യ പൊതുവിതരണ വകുപ്പിന് 42 കോടി രൂപ അധിക ബഡ്ജറ്റ് വിഹിതമായി ധനവകുപ്പ് അനുവദിച്ചു.

കമ്മിഷൻ തുക ഇന്നു വ്യാപാരികൾക്കു ലഭിക്കുമെന്നാണു സൂചന. നേരത്തേ 14 കോടി രൂപ അനുവദിച്ചതുൾപ്പെടെ വകുപ്പിന്റെ ബഡ്ജറ്റ് വിഹിതം പൂർണമായി തീർന്നു. ഭക്ഷ്യസാധനങ്ങൾ വാങ്ങാനും സംഭരിക്കാനും റേഷൻ സബ്‌സിഡി ഇനത്തിലും മറ്റു സബ്‌സിഡി ഉത്പന്നങ്ങളുടെ ഇനത്തിലും ചെലവഴിക്കാനും വ്യാപാരികളുടെ കമ്മിഷൻ നൽകാനും തുക ചെലവഴിക്കാമെന്ന് ധനവകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. വ്യാപാരികൾക്ക് ഒക്ടോബറിലെ കമ്മിഷൻ നൽകാൻ 29.51 കോടി രൂപ വേണമായിരുന്നു. എന്നാൽ, 14.46 കോടി രൂപ മാത്രം ധനവകുപ്പ് അനുവദിച്ചതിനാൽ കമ്മിഷൻ പകുതിയിലേറെ കുറച്ച് സിവിൽ സപ്ലൈസ് കമ്മിഷണർ ഈ മാസം 21ന് ഉത്തരവ് ഇറക്കി. ഇതോടെ വ്യാപാരി സംഘടനകൾ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. മന്ത്രി ജി.ആർ. അനിൽ വ്യാപാരി സംഘടനകളുമായി നടത്തിയ ചർച്ചയിൽ പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയതോടെ സമരം തത്കാലത്തേക്കു മാറ്റിയിരുന്നു.