പൊലീസ് ശ്വാനവിഭാഗത്തിൽ ഇനി​ 'ജാക്ക് റസ്സലി​'ന്റെ ശൗര്യം

Wednesday 30 November 2022 12:13 AM IST

തിരുവനന്തപുരം: പൊലീസിന്റെ ശ്വാന വിഭാഗത്തിലേക്ക് ജാക്ക് റസ്സൽ എന്ന വിദേശ ഇനത്തിൽപ്പെട്ട നാല് നായ്‌ക്കുട്ടികളെത്തി. നായ്‌ക്കുട്ടികളെ ദക്ഷിണമേഖലാ ഐ.ജി പി.പ്രകാശ്, ശ്വാനവിഭാഗമായ കെ 9 സ്‌ക്വാഡിന്റെ ചുമതലയുള്ള അസിസ്റ്റന്റ കമാൻഡന്റ് എസ്.സുരേഷിന് കൈമാറി.

ഗന്ധം തിരിച്ചറിയുന്നതിന് പ്രത്യേക കഴിവുള്ളവയാണ് ജാക്ക് റസ്സൽ ഇനത്തിൽപ്പെട്ട നായ. വലിപ്പം കുറവായതിനാൽ ഇടുങ്ങിയ സ്ഥലത്തെ പരിശോധനയ്‌ക്ക് ഇവയെ ഉപയോഗിക്കാം. നിർഭയരും ഊർജ്ജസ്വലരുമായ ജാക്ക് റസ്സൽ നായ്‌ക്കൾക്ക് സ്‌ഫോടക വസ്‌തുക്കളും ലഹരി വസ്‌തുക്കളും കണ്ടെത്താൻ പ്രത്യേക കഴിവുണ്ട്.

പൊലീസിൽ 1959 ൽ തുടങ്ങി​യ ഡോഗ് സ്‌ക്വാഡിന് നിലവിൽ 27 യൂണിറ്റുകളുണ്ട്. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 168 നായ്‌ക്കൾ സ്‌ക്വാഡിലുണ്ട്. ലാബ്രഡോർ റിട്രീവർ, ബെൽജിയം മാലിനോയിസ് എന്നിവ ഉൾപ്പെടെയുള്ള വിദേശ ഇനങ്ങളും ചിപ്പിപ്പാറ, കന്നി മുതലായ ഇന്ത്യൻ ഇനങ്ങളും ഉൾപ്പെടെ 10 ബ്രീഡുകളിലെ നായ്‌ക്കൾ സ്‌ക്വാഡിലുണ്ട്. 2022ൽ 80 ഓളം കേസുകൾക്ക് തുമ്പുണ്ടാക്കാൻ കെ 9 സ്‌ക്വാഡിന് കഴിഞ്ഞു. 26 ചാർജ് ഓഫീസർമാരും 346 പരിശീലകരും സ്‌ക്വാഡി​ലുണ്ട്.