ശബരിമല ഡ്യൂട്ടിയിൽ നിന്ന് എത്രയും പെട്ടെന്ന് വിഴിഞ്ഞത്ത് വരണം, തുറമുഖം നിയന്ത്രിക്കാൻ സർക്കാർ ഇറക്കുന്നത് ഡിസിപി ലാൽജിയെ
തിരുവനന്തപുരം: വിഴിഞ്ഞത്തെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മിഷണർ ജി. സ്പർജൻകുമാറിന്റെ മേൽനോട്ടത്തിൽ ക്രൈം ആൻഡ് അഡ്മിനിസ്‌ട്രേഷൻ ഡി.സി.പി കെ. ലാൽജിയെ ചുമതലപ്പെടുത്തി. ഇദ്ദേഹമാണ് അന്വേഷണ സംഘത്തലവൻ. ശബരിമലയിൽ ഡ്യൂട്ടിയിലായിരുന്ന ലാൽജിയെ തിരികെ വിളിച്ചാണ് അന്വേഷണച്ചുമതല ഏൽപ്പിച്ചത്. ജില്ല ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ ബി. അനിൽകുമാർ, ഡി.സി.ആർ.ബി അസിസ്റ്റന്റ് കമ്മിഷണർ ജെ. ദിനിൽ, തിരുവനന്തപുരം റൂറൽ നാർകോട്ടിക് ഡിവൈ.എസ്.പി രാസിത്ത്, സൈബർ സിറ്റി അസിസ്റ്റന്റ് കമ്മിഷണർ എസ്. ഹരി എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥർ. സി.ഐമാരും എസ്.ഐമാരും സംഘത്തിലുണ്ടാവും.
എസ്.പി മാരായ കെ.ഇ. ബൈജു, കെ.കെ. അജി എന്നിവരുടെ സേവനം വിഴിഞ്ഞത്തെ ക്രമസമാധാനപാലനത്തിന് സിറ്റി പൊലീസ് കമ്മിഷണർക്ക് ലഭ്യമാക്കിയിട്ടുണ്ട്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാർ, ഇന്റലിജൻസ് മേധാവി വിനോദ് കുമാർ, സിറ്റി പൊലീസ് കമ്മിഷണർ ജി. സ്പർജൻകുമാർ, ദക്ഷിണ മേഖല ഐ.ജി പി. പ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ ഇന്നലെ പ്രത്യേക യോഗം ചേർന്ന് വിഴിഞ്ഞത്തെ സ്ഥിതിഗതികൾ വിലയിരുത്തി.
മറ്റു ജില്ലകളിലെയും സായുധ പൊലീസ് ബറ്റാലിയനിലെയും അടക്കം 1200ലേറെ പൊലീസുകാരെയാണ് വിഴിഞ്ഞം മേഖലയിൽ വിന്യസിച്ചിട്ടുള്ളത്. അവധിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരോട് ഡ്യൂട്ടിയിൽ പ്രവേശിക്കാനും എല്ലാസ്റ്റേഷനുകളിലും ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കാനും എ.ഡി.ജി.പി എ.ആർ. അജിത് കുമാർ എസ്.പി മാർക്ക് നിർദ്ദേശം നൽകി.ഐ.ജി, ഡി.ഐ.ജി, എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ നേരിട്ടു നിയന്ത്രിക്കണം.