പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന പന്തിന് വിശ്രമം നൽകി ബെഞ്ചിലിരിക്കുന്ന സഞ്ജുവിനെ കളിപ്പിക്കണം; ലക്ഷ്മണിന്റെ ട്വീറ്റിന് മറുപടിയുമായി ശശി തരൂർ
ന്യൂഡൽഹി: ന്യൂസിലാൻഡിനെതിരായ മൂന്നാം മത്സരത്തിലും റിഷഭ് പന്ത് പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി ശശി തരൂർ എംപി. റിഷഭ് പന്ത് ഒരിക്കൽ കൂടി പരാജയപ്പെട്ടിരിക്കുന്നു. ഏകദിന മത്സരങ്ങളിൽ നിന്നും പന്തിന് ബ്രേക്ക് വേണം. സഞ്ജു സാംസണ് ഒരിക്കൽകൂടി അവസരം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. തന്റെ കഴിവ് തെളിയിക്കാൻ സഞ്ജു ഇനി ഐപിഎൽ വരെ കാത്തിരിക്കണമെന്നും തരൂർ ഫേസ്ബുക്കിൽ കുറിച്ചു.
പന്ത് നാലാം നമ്പറിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും അതിനാൽ അദ്ദേഹത്തെ പിന്തുണയ്ക്കേണ്ടത് അത്യാവശ്യമാണെന്നും ഇന്ത്യൻ പരിശീലകൻ വിവിഎസ് ലക്ഷ്മൺ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റിനും തരൂർ മറുപടി നൽകി. കഴിഞ്ഞ പതിനൊന്ന് ഇന്നിംഗ്‌സുകളിൽ പത്തിലും പന്ത് പരാജയപ്പെട്ടു. 66 ആണ് സഞ്ജുവിന്റെ ബാറ്റിംഗ് ശരാശരി. കഴിഞ്ഞ അഞ്ച് മത്സരത്തിലും സഞ്ജു റൺസെടുത്തിരുന്നു. എങ്കിലും ഇപ്പോഴും സഞ്ജുവിന്റെ സ്ഥാനം ബെഞ്ചിലാണെന്നും തരൂർ കുറിച്ചു.
ഒന്നാം ഏകദിനത്തിൽ 38 പന്തിൽ നിന്ന് 36 റൺസെടുത്ത സഞ്ജുവിന് രണ്ടാം ഏകദിനത്തിലും അവസരം നൽകിയിരുന്നില്ല. ഇതിനെതിരായ പ്രതിഷേധം ട്വിറ്ററിൽ ട്രെൻഡിംഗായിരുന്നു. എന്നാൽ, ആരാധക പ്രതിഷേധം ചെവികൊള്ളാതെ മൂന്നാം ഏകദിനത്തിലും സഞ്ജുവിനെ പുറത്തിരുത്തുകയായിരുന്നു.
അതേസമയം, വിജയിച്ചില്ലെങ്കില്‍ പരമ്പര കൈവിടുമെന്ന അവസ്ഥയില്‍ ന്യൂസിലാന്‍ഡിനെതിരെ അവസാന ഏകദിനത്തിന് ഇറങ്ങിയ ഇന്ത്യക്ക് വീണ്ടും തിരിച്ചടി ഉണ്ടായിരിക്കുകയാണ്. ബാറ്റിംഗ് നിര നിരാശപ്പെടുത്തിയപ്പോൾ ന്യൂസിലാൻഡിന് മുന്നിൽ 220 റൺസ് വിജയലക്ഷ്യം മാത്രമാണ് ഇന്ത്യയ്ക്ക് മുന്നോട്ട് വയ്ക്കാനായത്. 47.3 ഓവറിൽ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. 64 പന്തിൽ നിന്ന് 51 റൺസ് എടുത്ത സുന്ദറും 49 റൺസെടുത്ത ശ്രേയസ് അയ്യരും മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തിയത്. റിഷഭ് പന്തും സൂര്യയും നിരാശപ്പെടുത്തി.