നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഒപ്പിടാൻ സമയപരിധിയില്ല; ഗവർണർക്കെതിരായ ഹർജി ഹൈക്കോടതി തള്ളി
Wednesday 30 November 2022 1:55 PM IST
കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ ഹർജി ഹൈക്കോടതി തള്ളി. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുന്നത് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. പി വി ജിതേഷ് ആണ് പൊതുതാത്പര്യ ഹർജി നൽകിയത്.
ഹർജി ഫയലിൽ പോലും സ്വീകരിക്കാതെയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളിയത്. നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഒപ്പിടാൻ സമയപരിധിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്.
നിയമസഭയുടെ നിയമ നിർമാണങ്ങളിൽ ഗവർണർ ഒപ്പിടാതിരിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും, ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഏകാധിപത്യപരമാണെന്നുമായിരുന്നു ഹർജിയിലെ പ്രധാന ആരോപണം. ചില രാഷ്ട്രീയ അജൻഡകളോടു കൂടിയതാണ് ഗവർണറുടെ നടപടികളെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു.