പാകിസ്ഥാനിലെത്തിയ ഇംഗ്ളീഷ് ക്രിക്കറ്റ് താരങ്ങൾക്ക് കഷ്‌ടകാലം; ക്യാപ്‌റ്റനടക്കം 14 പേർക്ക് അജ്ഞാത വൈറസ് രോഗം

Wednesday 30 November 2022 7:47 PM IST

റാവൽപിണ്ടി: പാകിസ്ഥാൻ പര്യടനത്തിനെത്തിയ ഇംഗ്ളണ്ട് ക്രിക്കറ്റ് ടീമിൽ അജ്ഞാത വൈറസ് ബാധ. ടെസ്‌റ്റ് ക്യാപ്‌റ്റൻ ബെൻ സ്‌റ്റോക്‌സടക്കം 14 കളിക്കാർക്ക് വൈറസ് ബാധയുണ്ടായെന്നാണ് വിവരം. ഏത് തരം വൈറസാണ് പിടിപെട്ടിരിക്കുന്നതെന്ന് ഇനിയും വ്യക്തമല്ല.ജോ റൂട്ട്, സാക് ക്രോളി, ഹാരി ബ്രൂക്ക്, ഒലീ പോപ്പ്, കീ‌റ്റൻ ജെന്നിംഗ്സ്‌ എന്നീ അഞ്ച് കളിക്കാർ മാത്രമാണ് പരിശീലനത്തിനായി ഇന്നിറങ്ങിയത്.

നാളെയാണ് ഇംഗ്ളണ്ട്-പാകിസ്ഥാൻ ടെസ്‌റ്റ് പരമ്പരയിലെ ആദ്യമത്സരം ആരംഭിക്കേണ്ടത്. റാവൽപിണ്ടിയിലാണ് മത്സരം. കളിക്കാർക്ക് ഛർദ്ദിലും മറ്റ് രോഗലക്ഷണങ്ങളുമാണ് കാണുന്നതെന്നാണ് വിവരം. പരിക്കേറ്റ പേസ് ബൗളർ മാർക് വുഡ് ഒഴികെ മറ്റുള‌ളവരെല്ലാം കഴിഞ്ഞ ദിവസം പരിശീലനത്തിനിറങ്ങിയിരുന്നു. ശരീരസുഖമില്ലാത്തതിനാൽ കളിക്കാരോടെല്ലാം ഇന്ന് വിശ്രമിക്കാൻ ആവശ്യപ്പെട്ടിരുന്നു. കളിക്കാർക്ക് ആർക്കും എന്നാൽ കൊവിഡ് ലക്ഷണമില്ലെന്നാണ് വിവരം. ഒരുദിവസത്തേക്ക് കളി മാറ്റി‌വയ്‌ക്കാൻ ഇതോടെ പാകിസ്ഥാൻ ക്രിക്ക‌റ്റ് ബോർഡ് നിർബന്ധിതരായിരിക്കുകയാണ്.

മത്സരത്തിൽ ജയിക്കാനായി മാത്രമാണ് കളിക്കുന്നതെന്നും സമനില പോലും തങ്ങളുടെ അജണ്ടയിലില്ലെന്ന് മുതിർന്ന പേസ് ബൗളർ ജെയിംസ് ആന്റേഴ്‌സൺ പറഞ്ഞു. 17 വർഷത്തിന് ശേഷമാണ് ഇംഗ്ളണ്ട് ടീം പാകിസ്ഥാനിൽ പരമ്പരയ്‌ക്കെത്തുന്നത്. 2005ൽ നടന്ന മത്സരത്തിലും പങ്കെടുത്ത ഏക താരമാണ് ആന്റേഴ്‌സൺ.