ചാൻസലറെ മാറ്റാനുള്ള ബിൽ: ഉദ്ദേശ്യ കാരണം അവ്യക്തമെന്ന നോട്ട്; ബി.അശോകിന് വിമർശനം

Thursday 01 December 2022 2:43 AM IST

തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള്ള ഭേദഗതി ബില്ലിന്റെ കരടിൽ അതിനുള്ള ഉദ്ദേശ്യ കാരണം അവ്യക്തമാണെന്ന് കുറിപ്പെഴുതിയ കൃഷി വകുപ്പ് സെക്രട്ടറി ഡോ.ബി. അശോകിന് മന്ത്രിസഭായോഗത്തിൽ രൂക്ഷ വിമർശനം. ഇക്കാര്യത്തിൽ മന്ത്രിസഭയുടെ അതൃപ്തി അദ്ദേഹത്തെ നേരിട്ടറിയിക്കാൻ കൃഷി മന്ത്രി പി. പ്രസാദിനെയും, രേഖാമൂലം അറിയിക്കാൻ ചീഫ്സെക്രട്ടറി ഡോ.വി.പി. ജോയിയെയും ചുമതലപ്പെടുത്തി.

അശോകിന്റെ നിലപാടിനെ കടുത്ത ഭാഷയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും യോഗത്തിൽ വിമർശിച്ചതായറിയുന്നു. ഇന്ന് വീണ്ടും ചേരുന്ന പ്രത്യേക മന്ത്രിസഭായോഗം, അശോക് ചൂണ്ടിക്കാട്ടിയ സാങ്കേതികപ്പിഴവും ചർച്ച ചെയ്യുമെന്നാണ് സൂചന.കരട് ബില്ലിന്റെ ആമുഖത്തിൽ ഗവർണറെ മാറ്റാനുള്ള കാരണം ചൂണ്ടിക്കാട്ടുന്നില്ലെന്നാണ് ആദ്യ വിമർശനം. ബില്ലിന്റെ ഉദ്ദേശ്യ കാരണങ്ങളിലും ഇത് വ്യക്തമാക്കിയിട്ടില്ലെന്നും കൃഷി സെക്രട്ടറിയുടെ കുറിപ്പിൽ ചൂണ്ടിക്കാട്ടി.

ഉന്നത വിദ്യാഭ്യാസ വകുപ്പിന് പുറമേ, മറ്റ് വകുപ്പുകൾക്ക് കീഴിൽ വരുന്ന സർവകലാശാലകളിലടക്കം ഭേദഗതി ആവശ്യമായതിനാൽ ഓരോ വകുപ്പിന്റെയും മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും പരിശോധന സഹിതമാണ് കരട് ബിൽ മന്ത്രിസഭ മുമ്പാകെയെത്തുക. ഉദ്യോഗസ്ഥർ പരിധി വിട്ട് അഭിപ്രായപ്രകടനം നടത്തരുതെന്നും, വിഷയത്തിലൊതുങ്ങി നിന്ന് വേണം കുറിപ്പുകളെഴുതാനെന്നും മന്ത്രിമാർ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയും അതൃപ്തി വ്യക്തമാക്കി. വിവിധ സർവകലാശാലകളുമായി ബന്ധപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാരും ഇക്കാര്യത്തിൽ അഭിപ്രായം രേഖപ്പെടുത്തി.

ഗവർണറെ നീക്കാനുള്ള

ബിൽ ആദ്യ ദിനം

ഡിസംബർ അഞ്ചിനാരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ, ഗവർണറെ നീക്കാനുള്ള ബിൽ കൊണ്ടുവരാനാണ് ധാരണ. നിയമ സർവകലാശാലയും, കലാമണ്ഡലം കല്പിത സർവകലാശാലയും ഒഴിച്ചുള്ളിടത്തെല്ലാം നിലവിലെ ചാൻസലർ ഗവർണറാണ് .