ബില്ലുകൾ അംഗീകരിക്കാത്ത ഗവർണറുടെ നടപടിയിൽ ഇടപെടുന്നില്ല: സ്പീക്കർ

Thursday 01 December 2022 2:47 AM IST

നിയമസഭ സമ്മേളനം 5ന് തുടങ്ങും

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകൾ അംഗീകരിക്കാത്ത ഗവർണറുടെ നടപടിയെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും അക്കാര്യത്തിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും സ്പീക്കർ എ.എൻ.ഷംസീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനാധിപത്യത്തിൽ ജനകീയസഭകളുടെ തീരുമാനമാണ് അംഗീകരിക്കപ്പെടേണ്ടത്. രാജ്ഭവൻ അത് മനസിലാക്കുമെന്നാണ് പ്രതീക്ഷ. ആഗസ്റ്റ് 22മുതൽ സെപ്തംബർ 12വരെ സഭ സമ്മേളിച്ച് 12ബില്ലുകൾ പാസാക്കുകയും ഒരുബിൽ സെലക്ട് കമ്മിറ്റിക്ക് വിടുകയും ചെയ്തു. എന്നാൽ, സർവ്വകലാശാല നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകൾക്കും കേരള സഹകരണസംഘവുമായി (ഭേദഗതി) ബന്ധപ്പെട്ട രണ്ടുബില്ലുകൾക്കും കേരള ലോക് ആയുക്ത (ഭേദഗതി) ബില്ലിനും 2022ലെ കേരള പബ്ലിക് സർവ്വീസസ് കമ്മിഷൻ (വഖഫ് ബോർഡിന്റെ കീഴിലുള്ള സർവ്വീസുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ) റദ്ദാക്കൽ ബില്ലിനും ഗവർണർ അംഗീകാരം നൽകിയിട്ടില്ല.

നിയമസഭയുടെ ഒൻപത് ദിവസത്തെ സമ്മേളനം ഡിസംബർ 5ന് തുടങ്ങും.നിയമനിർമ്മാണങ്ങൾക്ക് മാത്രമായാണ് ചേരുന്നത്.

ഈ സമ്മേളനത്തിൽ പരിഗണിക്കേണ്ട ബില്ലുകൾ സംബന്ധിച്ച് ആദ്യദിവസം ചേരുന്ന കാര്യോപദേശക സമിതിയാണ് തീരുമാനിക്കുക കീഴ്‌വഴക്കപ്രകാരം ആദ്യ രണ്ടു ദിനങ്ങളിൽ പരിഗണിക്കേണ്ട ബില്ലുകൾ സ്പീക്കർക്ക് തീരുമാനിക്കാം. ബില്ലുകളെ സംബന്ധിക്കുന്ന മുൻഗണനാ പട്ടിക സർക്കാരിൽനിന്ന് ലഭ്യമാകുന്ന മുറയ്ക്ക് തീരുമാനിക്കും.

അവശ്യ നിയമനിർമ്മാണങ്ങൾ പൂർത്തീകരിച്ചശേഷം ഡിസംബർ 15ന് സമ്മേളനം അവസാനിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.സെലക്ട് കമ്മിറ്റിക്ക് വിട്ട 2022ലെ കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ ധാതുലവണ മിശ്രിതം (ഉത്പാദനവും വില്പനയും നിയന്ത്രിക്കൽ) ബില്ലിലെ വ്യവസ്ഥകളിന്മേലുള്ള സമിതിയുടെ പരിശോധനയും തെളിവെടുപ്പും മറ്റ് സന്ദർശന നടപടികളും നടന്നു വരികയാണ്. 'ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെയും കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായി നവംബർ,ഡിസംബർ മാസങ്ങളിലായി നടത്താൻ തീരുമാനിച്ചിരുന്ന അന്താരാഷ്ട്ര പുസ്‌കോത്സവം, സഭാസമ്മേളനം തീരുമാനിക്കപ്പെട്ട സാഹചര്യത്തിൽ, ജനുവരി 9 മുതൽ 15 വരെയുള്ള തീയതികളിലേക്ക് മാറ്റിയതായും സ്പീക്കർ അറിയിച്ചു.

Advertisement
Advertisement