സെക്രട്ടേറിയറ്റിൽ പൂട്ടൊരുങ്ങുന്നു; 4 മണിക്കൂർ മുങ്ങിയാൽ  അന്നത്തെ ശമ്പളമില്ല

Thursday 01 December 2022 1:09 AM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ പഞ്ച് ചെയ്ത് മുങ്ങുന്നവർ നാലു മണിക്കൂർ ഡ്യൂട്ടിയിലില്ലെങ്കിൽ ആ ദിവസത്തെ ശമ്പളം വെട്ടും. രണ്ടേകാൽ മണിക്കൂർ കഴിഞ്ഞാൽ അര ദിവസത്തെ ശമ്പളം നഷ്ടം. സീറ്റിൽ തിരികെ എത്തുംവരെ ഹാജരല്ലെന്ന് കണക്കാക്കും. പലവട്ടമായി മുങ്ങിയാലും മൊത്തം നാലു മണിക്കൂറായാൽ ശമ്പളം പോകും.

ഇതടക്കം, ചീഫ് സെക്രട്ടറി തയ്യാറാക്കിയ മാർഗനിർദ്ദേശങ്ങൾ ചർച്ച ചെയ്യാൻ ഈ മാസം ഒൻപതിന് സർവീസ് സംഘടനകളുടെ യോഗം സർക്കാർ വിളിച്ചു. ഐ.എ.എസുകാർക്കും നിബന്ധന ബാധകമാണെന്ന് പറയുന്നുണ്ടെങ്കിലും വി. ഐ.പികളെ ഒഴിവാക്കും.

അതേസമയം, വൈകി വരുന്നതിനും നേരത്തെ പോകുന്നതിനും അനുവദിച്ചിരിക്കുന്ന പ്രതിമാസ ഗ്രേസ് സമയം 300ൽ നിന്ന് 1200 മിനിട്ടായി വർദ്ധിപ്പിക്കും.

സംഘടനാപ്രവർത്തനത്തിന് കൂച്ചുവിലങ്ങിടാനാണ് നീക്കമെന്ന് ഭരണ- പ്രതിപക്ഷ സംഘടനകൾ ആരോപിച്ചു.

ഓഫീസ് കവാടത്തിൽ ഫ്ളാപ് ബാരിയർ വച്ച് പഞ്ചിംഗിലൂടെ കടത്തിവിടുന്ന അക്സസ് കൺട്രോൾ സംവിധാനത്തെ ശമ്പള വിതരണ സോഫ്ട്‌വെയറായ സ്പാർക്കുമായി ബന്ധിപ്പിക്കുന്നതോടെയാണ് പുറത്തുപോകുന്നവരുടെ ശമ്പളം സ്വമേധായാ നഷ്ടപ്പെടുന്നത്. ഇതിനുള്ള ഉപകരണങ്ങൾ കവാടങ്ങളിൽ ഘടിപ്പിച്ചുകഴിഞ്ഞു.

മറ്റു ബ്ളോക്കുകളിൽ

പോകാൻ 10 മിനിട്ട്

* ഔദ്യോഗികാവശ്യത്തിന് മെയിൻ ബ്ളോക്ക്,​ അനക്‌സ് 1,​ 2 എന്നിവിടങ്ങളിൽ പോകുന്നതിന് 10 മിനിട്ട് നൽകും. മൂന്നുതവണ പോകാം

* ഓഫീസ് സമയത്തിന് ശേഷം എത്ര നേരം അധികം ജോലി ചെയ്താലും പരമാവധി രണ്ട് മണിക്കൂർ മാത്രം ഗ്രേസ് ടൈം

സന്ദർശകർ കാർഡ്

കളഞ്ഞാൽ ₹500 പിഴ

സന്ദർശകർ സ്വന്തം തിരിച്ചറിയൽ രേഖയോ മുൻകൂർ പാസോ കൈമാറുമ്പോൾ, അകത്തു കയറാൻ മറ്റൊരു തിരിച്ചറിയൽ കാർഡ് നൽകും. മടങ്ങുമ്പോൾ ഈ കാർഡ് തിരിച്ചുനൽകി സ്വന്തംരേഖ കൈപ്പറ്റണം. കാർഡ് നഷ്ടപ്പെട്ടാൽ 500 രൂപ പിഴ.

അംഗീകരിക്കാവുന്നതും ആവാത്തതുമായ നിർദ്ദേശങ്ങളുണ്ട്. ചർച്ച കഴിയട്ടെ. തീരുമാനം അപ്പോൾ.

- കെ.എൻ.അശോക്‌കുമാർ,

ജനറൽ സെക്രട്ടറി,​ സെക്രട്ടേറിയറ്റ്

എംപ്ളോയീസ് അസോസിയേഷൻ

നിർദ്ദേശങ്ങൾ അപ്രായോഗികം. സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം നൽകണം

- എം.എസ്.ജ്യോതിഷ്,

പ്രസിഡന്റ്, സെക്രട്ടേറിയറ്റ്

അസോസിയേഷൻ

Advertisement
Advertisement