പൊതുമരാമത്ത് വകുപ്പിൽ ഗുണനിലവാര പരിശോധനയ്ക്ക് മൊബൈൽ ലാബുകൾ

Thursday 01 December 2022 12:22 AM IST

തിരുവനന്തപുരം: പൊതുമരാമത്ത് നിർമ്മാണ പ്രവൃത്തികളിൽ ഗുണനിലവാരം ഉറപ്പാക്കാനും പരിശോധനകൾ കാര്യക്ഷമമാക്കാനും മൂന്ന് മൊബൈൽ ലാബുകൾ ഉടൻ പ്രവർത്തന സജ്ജമാകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. പൊതുമരാമത്ത് പ്രവൃത്തികളിൽ ഗുണനിലവാരം ഉറപ്പാക്കുന്നതിന് കർശന നടപടികൾ വകുപ്പ് സ്വീകരിച്ചുവരുന്നുണ്ട്. അതിനായി നിയോഗിച്ച പ്രത്യേക ടീമാണ് ക്വാളിറ്റി കൺട്രോൾ വിഭാഗം. പ്രവൃത്തി നടക്കുന്ന ഇടങ്ങളിൽ കൃത്യമായ ഇടവേളകളിൽ നേരിട്ടെത്തി ആധുനിക യന്ത്രസാമഗ്രികളുടെയും സാങ്കേതികവിദ്യയുടെയും സഹായത്തോടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തുകയാണ് ഇവരുടെ ദൗത്യം. എല്ലാ ജില്ലകളിലെയും ടീമിന്റെ പ്രവർത്തനം വിലയിരുത്തി അത്യാധുനിക നിലവാരത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലകളിൽ തുടക്കത്തിൽ മൂന്ന് മൊബൈൽ ലാബുകൾ പ്രവർത്തന സജ്ജമാക്കുകയാണ് ലക്ഷ്യം. ജനുവരി മുതൽ ലാബുകൾ പ്രവ‍ർത്തനം തുടങ്ങും. പിന്നീട് എല്ലാ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

Advertisement
Advertisement