ശശീന്ദ്രന്റെയും മക്കളുടെയും മരണം: പ്രത്യേക അന്വേഷണ സംഘം വേണം

Wednesday 30 November 2022 11:35 PM IST

കൊച്ചി: മലബാർ സിമന്റ്സ് കമ്പനി സെക്രട്ടറിയായിരുന്ന വി. ശശീന്ദ്രന്റെയും മക്കളുടെയും മരണം ആത്മഹത്യയാണെന്ന് കുറ്റപത്രം നൽകിയ സി.ബി.ഐക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കൊലക്കുറ്റവും പ്രതികളുടെ പങ്കും ഒഴിവാക്കാൻ അന്വേഷണ സംഘം മനപ്പൂർവം ശ്രമിച്ചെന്നും പാതിവെന്ത കുറ്റപത്രം സമർപ്പിച്ചു കണ്ണിൽ പൊടിയിടാനാണ് സി.ബി.ഐ ശ്രമിച്ചതെന്നും സിംഗിൾ ബെഞ്ച് വിലയിരുത്തി.

കുറ്റപത്രം സ്വീകരിച്ച എറണാകുളം സി.ജെ.എം കോടതിയുടെ നടപടി റദ്ദാക്കിയ ഹൈക്കോടതി,​ കേസന്വേഷിക്കാൻ കഴിവും വൈദഗ്ദ്ധ്യവുമുള്ള സീനിയർ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും നാലു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നും ഉത്തരവിട്ടു. ശശീന്ദ്രന്റെയും മക്കളുടെയും മരണം ആത്മഹത്യയാണെന്ന സി.ബി.ഐയുടെ കുറ്റപത്രം തള്ളണമെന്ന ഹർജി സി.ജെ.എം കോടതി നിരസിച്ചതിനെതിരെ സഹോദരൻ ഡോ. വി. സനൽകുമാറും ക്രൈം എഡിറ്റർ ടി.പി നന്ദകുമാറും നൽകിയ ഹർജികളിൽ ജസ്റ്റിസ് പി. സോമരാജനാണ് വിധി പറഞ്ഞത്.

2011 ജനുവരി 24 നാണ് പാലക്കാട് കഞ്ചിക്കോട്ടെ വീട്ടിൽ വി. ശശീന്ദ്രനെയും മക്കളായ വിവേക്, വ്യാസ് എന്നിവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. മലബാർ സിമന്റ്സിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ തനിക്ക് അനുകൂലമായി മൊഴി നൽകണമെന്നാവശ്യപ്പെട്ട് ശശീന്ദ്രനെ പ്രമുഖ വ്യവസായി വി.എം. രാധാകൃഷ്‌ണൻ ഭീഷണിപ്പെടുത്തിയിരുന്നെന്നും തുടർന്ന് ശശീന്ദ്രൻ മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തെന്നുമാണ് സി.ബി.ഐ കണ്ടെത്തിയത്.

സി.ബി.ഐയുടെ കീർത്തിക്ക് കളങ്കമുണ്ടാക്കിയ അന്വേഷണമാണ് ഈ കേസിൽ നടന്നതെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. ഇതു സി.ബി.ഐ ഗൗരവത്തോടെ കാണണം. കൃത്യവിലോപം കാണിച്ചവർക്കെതിരെ നടപടി പ്രതീക്ഷിക്കുന്നതായും ഹൈക്കോടതി വ്യക്തമാക്കി.

ഉത്തരം കിട്ടേണ്ട ചോദ്യങ്ങൾ

ശശീന്ദ്രന്റെ ശരീരത്തിൽ മരണത്തിനു മുമ്പ് ഒമ്പതു മുറിവുകൾ എങ്ങനെയുണ്ടായി?

കൊലപാതക സാദ്ധ്യത പരിശോധിച്ചോ?

കതകിലും വസ്ത്രങ്ങളിലും രക്തക്കറ എങ്ങനെ വന്നു?

മുറി പുറത്തു നിന്ന പൂട്ടിയിരുന്നു. ഇതെങ്ങനെ സംഭവിച്ചു ?

പ്രതികൾക്കെതിരായ സാഹചര്യത്തെളിവുകളുണ്ട്. ഇതു സി.ബി.ഐ കഴുകിക്കളയാൻ ശ്രമിച്ചോ?

Advertisement
Advertisement