ആരോഗ്യപ്രവർത്തകർക്ക് കേരളത്തിൽ അവസരങ്ങൾ നൽകും:വീണാ ജോർജ്

Thursday 01 December 2022 12:42 AM IST

തിരുവനന്തപുരം:ആരോഗ്യപ്രവർത്തകർക്ക് കേരളത്തിൽ പരമാവധി അവസരങ്ങൾ സൃഷ്ടിക്കുമെന്നും നഴ്സിംഗ് സീറ്റുകൾ വർദ്ധിപ്പിക്കുമെന്നും മന്ത്രി വീണാജോർജ്. കൊവിഡ് ഡ്യൂട്ടിക്കിടെ മരണമടഞ്ഞ നഴ്സുമാരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം വിതരണം ചെയ്യുകയായിരുന്നു മന്ത്രി.

ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകും. കേരളത്തിൽ ആരോഗ്യ മേഖലയുടെ മികവ് ആരോഗ്യ പ്രവർത്തകരുടെ മികവാണ്. കൊവിഡിന്റെ മൂന്ന് തരംഗങ്ങളേയും കേരളം അതിജീവിച്ചു. മഹാമാരിയിൽ ആരോഗ്യ പ്രവർത്തകർ ത്യാഗോജ്ജ്വല പ്രവർത്തനങ്ങളാണ് നടത്തിയത്. നിരവധി ആരോഗ്യ പ്രവർത്തകർക്ക് ജീവൻ നഷ്ടമായി. അവർക്ക് പകരം വയ്ക്കാനാകില്ല. അവരുടെ വേദനയിൽ പങ്കുചേരുകയും നഴ്സിംഗ് കൗൺസിൽ അവരുടെ കുടുംബത്തെ ചേർത്ത് പിടിക്കുകയുമാണെന്നും മന്ത്രി പറഞ്ഞു. നഴ്സിംഗ് കോളേജുകളിൽ ഗുണനിലവാരം ഉറപ്പാക്കി കൂടുതൽ സീറ്റ് ലഭ്യമാക്കും.

ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി. മീനാക്ഷി അദ്ധ്യക്ഷയായി. കേരള നഴ്സസ് & മിഡ് വൈവ്സ് കൗൺസിൽ രജിസ്ട്രാർ പ്രൊഫ. എ.ടി.സുലേഖ, പ്രസിഡന്റ് പി.ഉഷാദേവി, വൈസ് പ്രസിഡന്റ് ടി.പി. ഉഷ, നഴ്സിംഗ് സർവീസസ് അഡി. ഡയറക്ടർ എം.ജി.ശോഭന, നഴ്സിംഗ് വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഡോ. സലീനാ ഷാ എന്നിവർ പങ്കെടുത്തു.

മരണമടഞ്ഞ വർക്കല താലൂക്ക് ആശുപത്രിയിലെ പി.എസ്. സരിത, നെയ്യാറ്റിൻകര മിംസ് മെഡിസിറ്റിയിലെ എസ്. ഗായത്രീദേവി, 108 ആംബുലൻസിലെ മെൽബിൻ ജോർജ്, ആസ്റ്റർ മലബാർ മെഡിസിറ്റിയിലെ ദിവ്യ ജോർജ്, കുന്നംകുളം താലൂക്ക് ആശുപത്രിയിലെ എ.എ.ആഷിഫ് എന്നിവരുടെ കുടുംബാംഗങ്ങൾക്കാണ് ധനസഹായം നൽകിയത്.