63,​000 ഭേദിച്ച് സെൻസെക്സ്; നിഫ്‌റ്റി 18,​800 തൊട്ടു

Thursday 01 December 2022 3:47 AM IST

കൊച്ചി: ആഗോള-ആഭ്യന്തരതലത്തിലെ സമ്പദ്‌സ്ഥിതി മെച്ചമാകുന്നതിന്റെ ആവേശത്തിൽ നിക്ഷേപകർ ഓഹരികൾ വാങ്ങിക്കൂട്ടാൻ മത്സരിക്കുന്നതിന്റെ കരുത്തിൽ സെൻസെക്‌സും നിഫ്‌റ്റിയും കാഴ്‌ചവയ്ക്കുന്ന റെക്കാഡ് മുന്നേറ്റം തുടരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അനുദിനം റെക്കാഡ് തിരുത്തിക്കുതിക്കുന്ന സെൻസെക്‌സ് ഇന്നലെ ചരിത്രത്തിൽ ആദ്യമായി 63,000 പോയിന്റുകൾ ഭേദിച്ചു; നിഫ്‌റ്റി ആദ്യമായി 18,​800 പോയിന്റും പിന്നിട്ടു.

ഒരുവേള 63,​303 വരെയെത്തിയ സെൻസെക്‌സ് വ്യാപാരാന്ത്യം 417 പോയിന്റ് നേട്ടവുമായി 63,​099ലാണുള്ളത്. വ്യാപാരത്തിനിടെ 18,​816.5വരെയെത്തിയ നിഫ്‌റ്റിയുള്ളത് 140 പോയിന്റ് നേട്ടവുമായി 18,​785ലും. തുടർച്ചയായ കഴിഞ്ഞ ഏഴ് സെഷനുകളിലായി 1,​955 പോയിന്റ് നേട്ടമാണ് സെൻസെക്‌സ് കുറിച്ചത്. ആഗോളതലത്തിൽ നാണയപ്പെരുപ്പ ഭീഷണി ഒഴിയുന്നതാണ് നിക്ഷേപകരെ ആഹ്ളാദിപ്പിക്കുന്നത്. പലിശവർദ്ധിപ്പിക്കുന്നതിന്റെ ആക്കംകുറയ്ക്കുമെന്ന കേന്ദ്രബാങ്കുകളുടെ പ്രഖ്യാപനവും കരുത്താകുന്നു.

രൂപയ്ക്കും നേട്ടം

ഓഹരികളുടെ കുതിപ്പ് രൂപയ്ക്കും നേട്ടമായി. ഡോളറിനെതിരെ 34 പൈസ മെച്ചപ്പെട്ട് 81.38ലാണ് രൂപ വ്യാപാരാന്ത്യമുള്ളത്.

നേട്ടം കൊയ്‌തവർ

മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അൾട്രാടെക്‌ സിമന്റ്, എച്ച്.യു.എൽ., പവർഗ്രിഡ്, ഭാരതി എയർടെൽ, ടാറ്റാ സ്‌റ്റീൽ, ടൈറ്റൻ, ഏഷ്യൻ പെയിന്റ്‌സ്, കോട്ടക് ബാങ്ക്, എൽ ആൻഡ് ടി., എൻ.ടി.പി.സി., എച്ച്.ഡി.എഫ്.സി., റിലയൻസ് ഇൻഡസ്‌ട്രീസ് എന്നിവയാണ് സെൻസെക്‌സിന്റെ നേട്ടത്തിന് നേതൃത്വം നൽകിയത്.