കെ.എസ്.ആർ.ടി.സിയിൽ പ്രത്യേക അക്കൗണ്ടിം​ഗ് വിഭാ​ഗം വരുന്നു

Thursday 01 December 2022 12:59 AM IST

തിരുവനന്തപുരം; പ്രതിദിനം ആറ് കോടിയോളം രൂപ കൈകാര്യം ചെയ്യുന്ന കെ.എസ്.ആർ.ടി.സിയിൽ അക്കൗണ്ടിംഗ് വിഭാ​ഗം രൂപീകരിക്കാൻ തീരുമാനിച്ചതായി കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ അറിയിച്ചു. ജനുവരി 13 ന് കോർപ്പറേഷനും, അം​ഗീകൃത സംഘടനാ പ്രതിനിധികളുമായി ഒപ്പ് വച്ച സേവന വേതന കരാർ പ്രകാരമാണിത്.

പ്രത്യേക അക്കൗണ്ടിം​ഗ് വിഭാ​ഗം ഇല്ലാതിരുന്നത് കാരണം 2017-18 വർഷം വരെ മാത്രമേ ഓഡിറ്റ് പൂർത്തികരിച്ചിട്ടുള്ളൂ.ദിവസേന യൂണിറ്റുകളിൽ നിന്നും ശേഖരിക്കുന്ന കണക്കുകളിൽ വലിയ വ്യത്യാസമുണ്ടായിരുന്നു. നിലവിലുള്ള അസിസ്റ്റന്റ് വിഭാ​ഗം ജീവനക്കാരിൽ നിന്നും ബി-കോം, എം കോം യോ​ഗ്യതയുള്ളവരെ ഉൾപ്പെടുത്തിയാവും അക്കൗണ്ടിംഗ് വിഭാ​ഗം രൂപീകരിക്കുന്നത്. ആദ്യ ഘട്ടത്തിൽ ചീഫ് ഓഫീസ് , ജില്ല ഓഫീസ് , ഡിപ്പോ എന്നിവടങ്ങളിലായി 17 സൂപ്രണ്ടുമാരെയും, 165 അസിസ്റ്റന്റ് വിഭാ​ഗം ജീവനക്കാരേയും ഉൾപ്പെടുത്തും. സൂപ്രണ്ടുമാരായി ബി-കോം, എം-കോംകാരെ പരി​ഗണിക്കും. ഇവരെ ലഭ്യമാകാത്ത സാഹചര്യത്തിൽ നിലവിലെ സൂപ്രണ്ട്മാരിൽ നിന്നും താൽപര്യമുള്ളവരെ തിരഞ്ഞെടുപ്പ് പരിശീലനം നൽകി നിയമിക്കും.ആവശ്യമെങ്കിൽ ഡ്രൈവർ ഒഴികെയുള്ള മറ്റ് വിഭാ​ഗങ്ങളിലെ ബി.കോം, എം.കോം കാരെയും പരി​ഗണിക്കും.

അക്കൗണ്ടിംഗ് വിഭാ​ഗത്തിൽ താൽപര്യമുള്ള ജീവനക്കാർ 2023 ഫെബ്രുവരി 28 ന് മുൻപായി സമ്മതപത്രം ബന്ധപ്പെട്ട ജില്ലാ ഓഫീസുകളിൽ നൽകണം. നിയമനങ്ങൾ നിലവിൽ താൽക്കാലികമായിക്കും. 2023 ഏപ്രിൽ മാസത്തിൽ നിശ്ചിത യോ​ഗ്യതയുള്ളവരെ ഉൾപ്പെടുത്തി പുതിയ കേഡർ വിഭാ​ഗം രൂപീകരിച്ച് സ്ഥിരമായ അക്കൗണ്ടിംഗ് വിഭാ​ഗമാക്കും.