വീരമൃത്യു വരിച്ച ജവാൻ എസ് മുഹമ്മദ് ഹക്കീമിന് അന്ത്യാഞ്ജലി അർപ്പിച്ച് ജന്മനാട്; സല്യൂട്ട് നൽകി ഭാര്യയും കുഞ്ഞ് മകളും

Thursday 01 December 2022 2:33 PM IST

പാലക്കാട്: മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ എസ് മുഹമ്മദ് ഹക്കീമിന് (35) വിട നൽകി ജന്മനാട്. മൃതദേഹം പാലക്കാട് ധോണി ഉമ്മിണി സ്കൂളിൽ പൊതുദർശനത്തിന് വച്ചപ്പോൾ ഭാര്യ റംസീനയും മകൾ അഫ്ഷിൻ ഫാത്തിമയും അവസാനമായി ഹക്കീമിന് സല്യൂട്ട് നൽകി. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ നടന്നു.

ഛത്തീസ്ഗഡിലെ സുകുമയിൽ ഉണ്ടായ ഏറ്രുമുട്ടലിലാണ് പാലക്കാട് ധോണി സ്വദേശി മുഹമ്മദ് ഹക്കീം വീരമൃത്യു വരിച്ചത്. സിആർപിഎഫിന്റെ കമാൻഡോ ബറ്റാലിയൻ ഫോർ റസല്യൂട് ആക്‌ഷൻ എന്നറിയപ്പെടുന്ന കോബ്ര വിഭാഗത്തിൽ ഹെഡ് കോൺസ്റ്റബിളായിരുന്നു ഹക്കീം. ഛത്തീസ്ഗഡിൽ നിന്ന് സിആർപിഎഫിന്റെ പ്രത്യേക വിമാനത്തിൽ എത്തിച്ച മൃതദേഹം ഇന്നലെയാണ് പാലക്കാട് ധോണിയിലെ വീട്ടിൽ എത്തിച്ചത്. ഇന്ന് രാവിലെ എട്ടുവരെ വീട്ടിലും ശേഷം ധോണി ഉമ്മിണി സ്കൂളിലും പൊതുദർശനത്തിന് വച്ചു. സംസ്ഥാന സർക്കാരിന്റെയും സിആർപിഎഫിന്റെയും ഔദ്യോഗിക ബഹുമതിയായ ഗാർഡ് ഒഫ് ഓണർ നൽകിയ ശേഷം രാവിലെ പത്തരയോടെ പള്ളിയിൽ ഖബറടക്കി.

Advertisement
Advertisement