ജിഎസ്ടി: കേരളത്തിലെ സമാഹരണത്തിൽ ഇടിവ്

Friday 02 December 2022 2:59 AM IST

കൊച്ചി: ജി.എസ്.ടി സമാഹരണത്തിൽ മുൻമാസങ്ങളിൽ മികച്ച വളർച്ച കാഴ്‌ചവച്ച കേരളം കഴിഞ്ഞമാസം നേരിട്ടത് നഷ്‌ടം. 2021 നവംബറിലെ 2,​129 കോടി രൂപയിൽ നിന്ന് 2,​094 കോടി രൂപയായാണ് സമാഹരണം കുറഞ്ഞത്; വളർച്ച നെഗറ്റീവ് രണ്ടുശതമാനം.

ഒക്‌ടോബറിൽ 29 ശതമാനം വളർച്ചയോടെ 2,​485 കോടി രൂപയും സെപ്തംബറിൽ 27 ശതമാനം വളർച്ചയോടെ 2,​246 കോടി രൂപയും നേടിയിരുന്നു. ജൂലായിൽ 2,​161 കോടി രൂപ (വളർച്ച 29 ശതമാനം)​,​ ആഗസ്‌റ്റിൽ 2,​036 കോടി രൂപ (വളർച്ച 26 ശതമാനം)​ എന്നിങ്ങനെ കേരളത്തിൽ നിന്ന് ലഭിച്ചിരുന്നു.

ഹിമാചൽ പ്രദേശ് (12 ശതമാനം)​,​ പഞ്ചാബ് (10 ശതമാനം)​,​ ചണ്ഡീഗഢ് (3 ശതമാനം)​,​ രാജസ്ഥാൻ (2 ശതമാനം)​,​ ഗുജറാത്ത് (2 ശതമാനം)​,​ ഗോവ (14 ശതമാനം)​,​ ലക്ഷദ്വീപ് (79 ശതമാനം)​,​ ആൻഡമാൻ നിക്കോബാർ (7 ശതമാനം)​ എന്നിവയും കഴിഞ്ഞമാസം കുറിച്ചത് നെഗറ്റീവ് വളർച്ചയാണ്.

ദേശീയ സമാഹരണം ₹1.45 ലക്ഷം കോടി

ദേശീയതലത്തിലെ ജി.എസ്.ടി സമാഹരണം കഴിഞ്ഞമാസം 1.45 ലക്ഷം കോടി രൂപ. 2021 നവംബറിലെ 1.31 ലക്ഷം കോടി രൂപയേക്കാൾ 11 ശതമാനം അധികമാണിത്. ഒക്‌ടോബറിൽ 1.51 ലക്ഷം കോടി രൂപ സമാഹരിച്ചിരുന്നു.

കഴിഞ്ഞമാസത്തെ സമാഹരണത്തിൽ 25,​681 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും 32,​651 കോടി രൂപ സംസ്ഥാന ജി.എസ്.ടിയും 77,​103 കോടി രൂപ സംയോജിത ജി.എസ്.ടിയുമാണ്. സെസ് ഇനത്തിൽ 10,​433 കോടി രൂപ ലഭിച്ചു.

₹1.4 ലക്ഷം കോടി

തുടർച്ചയായ 9-ാം മാസമാണ് ദേശീയ സമാഹരണം 1.4 ലക്ഷം കോടി രൂപ കവിയുന്നത്. നടപ്പുവർഷത്തെ സമാഹരണം ഇതുവരെ:

(തുക ലക്ഷംകോടിയിൽ)​

 ഏപ്രിൽ : ₹1.67

 മേയ് : ₹1.40

 ജൂൺ : ₹1.44

 ജൂലായ് : ₹1.48

 ആഗസ്‌റ്റ് : ₹1.43

 സെപ്തംബർ : 1.47

 ഒക്‌ടോബർ : ₹1.51

 നവംബർ : ₹1.45

₹1.67 ലക്ഷം കോടി

നടപ്പുവർഷം ഏപ്രിലിൽ ലഭിച്ച 1.67 ലക്ഷം കോടി രൂപയാണ് ജി.എസ്.ടിയുടെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന സമാഹരണം.

മുന്നിൽ മഹാരാഷ്‌ട്ര

കഴിഞ്ഞമാസവും ജി.എസ്.ടി സമാഹരണത്തിൽ ഏറ്റവുമുയർന്ന പങ്കുവഹിച്ചത് മഹാരാഷ്‌ട്രയാണ്; 16 ശതമാനം വളർച്ചയോടെ 21,​611 കോടി രൂപ. 13 ശതമാനം വളർച്ചയോടെ 10,​238 കോടി രൂപയുമായി കർണാടകയാണ് രണ്ടാമത്. സമാഹരണം രണ്ടുശതമാനം കുറഞ്ഞെങ്കിലും 9,​333 കോടി രൂപയുമായി ഗുജറാത്താണ് മൂന്നാമത്.

Advertisement
Advertisement